പാലക്കാട്: പശ്ചിമ ബംഗാളിലെ കിഴക്കൻ കൽക്കരിഖനന മേഖലകളിൽ മന്തുരോഗവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും നിലനിൽക്കുന്നതായി പുതിയ പകർച്ചവ്യാധി പഠന റിപ്പോർട്ട്.
പാലക്കാട് ഐഐടി, കാസി നസ്റുൽ സർവകലാശാല, അസൻസോൾ, മിഡ്നാപൂർ വിദ്യാസാഗർ സർവകലാശാല, പുരുലിയ സിദ്ധോ- കാൻഹോ- ബിർസ സർവകലാശാല, അസൻസോൾ ഇഎസ്ഐ ആശുപത്രി എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച നിരീക്ഷണം.
ശാസ്ത്ര ജേണലായ നേച്ചറിന്റെ സയന്റിഫിക് റിപ്പോർട്ട്സിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൽക്കരിഖനന മേഖലയിലെ പശ്ചിം ബർധമാൻ, ബങ്കുര, പുരുലിയ, ബിർഭും എന്നീ നാലു ജില്ലകളിലായി 3,705 വ്യക്തികളിൽ 2021 ഓഗസ്റ്റ് മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിലാണ് സർവേ നടന്നത്. സർവേയിൽ ഭാഗമായ 16.65 ശതമാനംപേർക്കും രോഗബാധയുള്ളതായി കണ്ടെത്തി.
ഇതിൽ 10.63 ശതമാനം പേരിൽ രോഗലക്ഷണങ്ങളില്ലെന്നും 6.02 ശതമാനം പേരിൽ മന്തുരോഗ ലക്ഷണങ്ങൾ പ്രകടമായിരുന്നു എന്നും പഠനം വ്യക്തമാക്കുന്നു.
14.52 ശതമാനം പേരിൽ പൂർണമായ രോഗബാധയുള്ളതായും സംഘം കണ്ടെത്തി. ഈ പ്രദേശങ്ങളിൽ മന്തുരോഗം പടർന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണിതെന്നും ഗവേഷകർ പറയുന്നു.
ലോകത്ത് മന്തുരോഗബാധിതരിൽ 42 ശതമാനവും ഇന്ത്യയിലാണ്. രാജ്യത്തിന്റെ ദേശീയ മന്തുരോഗ നിർമാർജ്ജന പ്രവർത്തനങ്ങൾക്കു ഈ കണ്ടെത്തലുകൾ വലിയ വെല്ലുവിളിയാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Tags : Research team nattuvishesham local news