കോഴിക്കോട്: ജില്ലയില്‍ ഷിഗെല്ല, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 11,006 വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തുകയും പ്രതിരോധ നടപടികള്‍ ഉറപ്പാക്കുകയും ചെയ്തു.
ജലജന്യ രോഗങ്ങള്‍ തടയുന്നതിനായി 3,479 കിണറുകള്‍ ക്ലോറിനേഷനും 939 കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേഷനും നടത്തി. 172 സാമ്പിളുകള്‍ ക്ലോറോസ്കോപ്പ് ഉപയോഗിച്ച് പരിശോധിക്കുകയും 55 സാമ്പിളുകള്‍ ലാബ് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കായി 164 അങ്കണവാടികളിലും നൂറ് സ്കൂളുകളിലും പ്രത്യേക സന്ദര്‍ശനം നടത്തി. ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി 13,033 ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്സിസൈക്ലിന്‍ പ്രതിരോധ ഗുളിക 851 പേര്‍ക്ക് നല്‍കുകയും വയറിളക്ക രോഗപ്രതിരോധത്തിനായി 779 ഒആര്‍എസ് പാക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഒമ്പത് പഞ്ചായത്ത് തല റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗങ്ങള്‍, 204 ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകള്‍, 2166 ബോധവത്കരണ നോട്ടീസ് വിതരണം എന്നിവ നടത്തി. 86 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ 17 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ 33 താമസസ്ഥലങ്ങൾ സന്ദര്‍ശിക്കുകയും 287 തൊഴിലാളികള്‍ക്ക് പകര്‍ച്ചവ്യാധി പരിശോധനകള്‍ നടത്തുകയും ചെയ്തു.
മെഡിക്കല്‍ കോളജില്‍ "വന്നും പോയും' കുടിവെള്ളം
കോഴിക്കോട്: ജില്ലയില്‍ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലും കോഴിക്കോട് മെഡിക്കൽ കോളജിൽ കുടിവെള്ള വിതരണം ഇടയ്ക്കിടെ മുടങ്ങുന്നത് പതിവാകുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതാണ് അവസ്ഥ.
സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകൾ ഉൾപ്പെടെ ആശുപത്രിയിലെ മിക്കയിടങ്ങളിലും ശുദ്ധജലം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. മണിക്കൂറുകളോളം ടാപ്പുകൾക്ക് മുന്നിൽ കാത്തിരിക്കേണ്ട അവസ്ഥയാണ് പലര്‍ക്കും.
കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ടിനുള്‍പ്പെടെ പരാതി നല്‍കിയതായി രോഗികളുടെ കൂട്ടിരിപ്പുകാര്‍ അറിയിച്ചു.ആശുപത്രിയിൽ കുടിവെള്ളം മുടങ്ങിയതോടെ രോഗികൾ പ്രധാനമായും ആശ്രയിക്കുന്നത് പരിസരത്തെ കാന്റിനുകളെയും ഹോട്ടലുകളെയുമാണ്. ഈ വെള്ളം ശുദ്ധമാണോ എന്ന് ഉറപ്പുവരുത്താൻ പോലും കഴിയുന്നില്ല.
പകർച്ചവ്യാധി ഭീഷണിയില്‍ കഴിയുന്ന രോഗികൾക്ക് ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നുണ്ട്. പകർച്ചവ്യാധി പ്രതിരോധത്തിന് ഏറ്റവും കൂടുതൽ ശുചിത്വം ആവശ്യമുള്ള ആശുപത്രിയിൽ തന്നെ അത്യാവശ്യമായ കുടിവെള്ളം ലഭിക്കാത്തത് വലിയ വീഴ്ചയാണെന്ന് വിമർശനം ഉയരുന്നുണ്ട്. അധികൃതരുടെ അനാസ്ഥയ്ക്കെതിരേ ശക്തമായ പ്രതിഷേധം ഉയർത്താനാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും തീരുമാനം.
Tags : nattu vishesham Resistance activities intensified