ബത്തേരി-കുപ്പാടി-അന്പലംറോഡ് തകർന്ന നിലയിൽ.
സുൽത്താൻ ബത്തേരി: ബത്തേരി-കുപ്പാടി–അന്പലംറോഡ് തകർന്നുതരിപ്പണമായതോടെ യാത്രാദുരിതത്തിൽ വലഞ്ഞ് പ്രദേശവാസികൾ. ഏഴുവർഷം മുൻപ് ടാറിംഗ് നടത്തിയ റോഡ് അറ്റകുറ്റപ്പണി നടത്താൻ അധികൃതർ പിന്നീട് തയാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിലെ കുഴികളും ഉയർന്നുനിൽക്കുന്ന കോണ്‍ക്രീറ്റ് ഭാഗങ്ങളും വാഹനയാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
രണ്ടുവർഷം മുൻപ് ഓവുചാൽ നിർമാണത്തിന്റെ ഭാഗമായി കരാറുകാരൻ റോഡിലെ സ്ലാബുകൾ പൊളിച്ചുമാറ്റി പുനർനിർമിച്ചിരുന്നു. എന്നാൽ ഇതിനുശേഷം സ്ലാബിനു മുകളിൽ കോണ്‍ക്രീറ്റ് ചെയ്തതോടെ റോഡിന്റെ നിരപ്പ് ക്രമാതീതമായി ഉയർന്നു. ഇതുവഴിയുള്ള വാഹനഗതാഗതം ഏറെ ദുഷ്കരമായി. ഇപ്പോൾ റോഡും പൂർണമായും തകർന്ന നിലയിലാണ്. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അടിഭാഗം റോഡിലെ കുഴികളിലും ഉയർന്ന കോണ്‍ക്രീറ്റ് ഭാഗങ്ങളിലും തട്ടി തകരുന്നത് പതിവായിട്ടുണ്ട്. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് റോഡ് നവീകരണത്തിന് ടെൻഡർ നടപടികൾ പൂർത്തിയാക്കിയതായി മുൻ കൗണ്‍സിലർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. നഗരസഭ റോഡ് വികസനത്തിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും പ്രദേശത്തെ പല റോഡുകളിലും കാൽനടയാത്രപോലും ദുഷ്കരമാണെന്നും നാട്ടുകാർ പറഞ്ഞു. അവഗണന തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. റോഡ് അടിയന്തരമായി നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Road Destroyed: Locals Prepare for Protest Road Destroyed NattuVishesham DistrictNews