റോഡ് കൈയേറി കോണുകൾ സ്ഥാപിച്ചിരിക്കുന്നു.
നെടുങ്കണ്ടം: പടിഞ്ഞാറേക്കവലയിൽ പൊതുമരാമത്ത് റോഡിന്റെ ഭാഗം വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിൽ നോപാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചും വാഹനങ്ങൾ പാർക്ക് ചെയ്തും റോഡ് കൈയേറുന്നതായാണ് പരാതി. പ്രധാന റോഡിൽ ഗതാഗതം നിയന്ത്രിക്കാനെന്ന പേരിൽ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് കോണുകളും മറ്റും വാഹനങ്ങളുടെ സഞ്ചാരത്തിന് തടസം സൃഷ്ടിക്കുകയാണ്.
തിരക്കേറിയ സമയങ്ങളിൽ റോഡിന്റെ വീതി കുറയുന്നത് ഗതാഗതക്കുരുക്കിനും അപകടത്തിനു കാരണമാകുന്നു. പടിഞ്ഞാറേക്കവലയിൽ വ്യാപാരസ്ഥാപനങ്ങളുടെ മുന്നിൽ റോഡിലേക്ക് സാധനങ്ങളും മറ്റും ഇറക്കിവയ്ക്കുന്നതും വാഹനങ്ങൾ നിർത്തിയിടുന്നതും പതിവായതോടെ കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്.
റോഡിലെ അനധികൃത കൈയേറ്റങ്ങളും തടസങ്ങളും പരിശോധിച്ച് അടിയന്തരമായി അനധികൃത ട്രാഫിക് കോണുകൾ നീക്കം ചെയ്യണമെന്നും ഗതാഗതം സുഗമമാക്കാൻ പൊതുമരാമത്ത് വകുപ്പും പോലീസും തദ്ദേശ സ്ഥാപന അധികൃതരും നടപടി സ്വീകരിക്കണമെന്നും നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
Tags : Nattuvishesham District News Road Nedumkandam traffic congestion