രാമങ്കരി: മുട്ടാർ പഞ്ചായത്ത് രണ്ടാം വാർഡിലെ കുടിവെള്ളക്ഷാമം പരിഹരിക്കുവാനായി ജലജീവൻ പദ്ധതി പ്രകാരം സ്ഥാപിച്ച പൈപ്പുലൈൻ പൊട്ടി വെള്ളം പാഴായ് തുടങ്ങിയതോടെ മിത്രക്കരി കവലയ്ക്കൽ പാലം-ദേവീക്ഷേത്രം റോഡ് കുളമായി. 13-ാം വാർഡിൽനിന്നു രണ്ടാം വാർഡിലേക്ക് വെള്ളമെത്തിക്കുവാനായി അടുത്തിടെ പുതുതായി സ്ഥാപിച്ച പൈപ്പാണ് പൊട്ടി ഒഴുകുന്നത്. പ്രദേശത്ത് കടുത്ത കുടിവെള്ളക്ഷാമം നിലനില്ക്കുന്പോഴാണ് ദിവസവും ഇങ്ങനെ നൂറുകണക്കിനു ലിറ്റർ വെള്ളം പാഴാകുന്നത്. സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ നാട്ടുകാർ തയാറായെങ്കിലും പരിഹാര നടപടി നീണ്ടുപോകുകയാണ്.
വെള്ളം പാഴായിപ്പോകാൻ തുടങ്ങിയതോടെ കുളമായ റോഡിൽ നിലവിൽ വാഹന ഗതാഗതംപോലും തടസപ്പെട്ട സ്ഥിതിയാണ്. മിത്രക്കരി ദേവീക്ഷേത്രം പരിസരത്തുള്ള ആളുകൾക്ക് ഏറ്റവും എളുപ്പം മാന്പുഴക്കരി എടത്വ റോഡിലേക്ക് കടക്കുവാനുള്ള റോഡ് കൂടിയാണിത്. ഇതോടെ നാട്ടുകാരുടെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല നിലവിലുണ്ടായിരുന്ന സഞ്ചാര സൗകര്യം കൂടി തടസപ്പെടുകയും ചെയ്തു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയാറാകാണമെന്ന് നാട്ടുകാർ പറയുന്നു.