വൈദ്യുതി പോസ്റ്റ് തകർന്നു ഗതാഗതം തടസപ്പെട്ടപ്പോൾ.
എരുമേലി: ഇന്നലെ തുടർച്ചയായി പെയ്ത മഴയ്ക്കിടെ വൈകുന്നേരത്തോടെ എരുമേലി -കാഞ്ഞിരപ്പള്ളി റോഡിൽ റബർമരം വൈദ്യുതി പോസ്റ്റ് തകർത്തതിനെത്തുടർന്ന് ഒന്നര മണിക്കൂർ ഗതാഗതം തടസപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽനിന്നു ഫയർഫോഴ്സ് സംഘമെത്തി മരം മുറിച്ചുനീക്കുന്നതുവരെ റോഡിൽ ഇരു ദിശകളിലും വാഹനങ്ങൾക്ക് കടന്നുപോകാനായില്ല.
എരുമേലി-കാഞ്ഞിരപ്പള്ളി റോഡിൽ കുറുവാമുഴിക്കും അഞ്ചാം മൈലിനും ഇടയ്ക്കുള്ള ഭാഗത്താണ് മരം വീണത്. വൈദ്യുതി ലൈനുകളും പോസ്റ്റും തകർന്ന് നിലം പതിച്ചിരുന്നു. മരം വീണ് വൈദ്യുതി നിലച്ചതിനാൽ പൊട്ടിവീണ ലൈനുകളിൽനിന്ന് അപകടമുണ്ടായില്ല. സ്കൂൾ ബസുകളും സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകാനാവാതെ റോഡിൽ കുടുങ്ങി. ഫയർ ഫോഴ്സ് സംഘത്തിനൊപ്പം കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ഗതാഗത തടസം നീക്കിയത്. മരം വീണ സമയത്ത് റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.