തൊടുപുഴ: ജില്ലാ ആശുപത്രിയിലെ അപകടഭീഷണിയിലായ രണ്ടു കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കാന്‍ നിര്‍ദേശം. അപകടാവസ്ഥയിലായ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ഉത്തരവിട്ടതോടെയാണ് നടപടി തുടങ്ങിയത്. ആശുപത്രി കോമ്പൗണ്ടിലെ പഴയ ഫാര്‍മസി കെട്ടിടം, അടുക്കള എന്നിവ പൊളിച്ചു നീക്കാനാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ്.
കെട്ടിടങ്ങള്‍ അടിയന്തരമായി പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കഴിഞ്ഞമാസം അഞ്ചിന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്ത് തയാറാക്കി നല്കിയ സര്‍വേ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് കെട്ടിടം പൊളിക്കാന്‍ കഴിഞ്ഞ ആറിന് ഉത്തരവിറക്കിയത്. പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നല്കിയ അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റും പരിഗണിച്ചാണ് പുതിയ ഉത്തരവ്.
ആശുപത്രിയിലെ കെട്ടിടങ്ങള്‍ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പഴയ ഒപി ടിക്കറ്റ് കൗണ്ടറും ഓക്സിജന്‍ പ്ലാന്റിനടുത്തുള്ള കെട്ടിടവും അപകടാവസ്ഥയിലാണ്. ഒരു വര്‍ഷം മുമ്പ് ഈ ഭാഗത്തെ പട്ടിക ഒടിഞ്ഞ് നിലം പതിച്ചിരുന്നു. തുടര്‍ന്ന് മേല്‍ക്കൂരയ്ക്ക് താങ്ങുനല്കിയാണ് നിലനിര്‍ത്തിയിരുന്നത്. ഇവിടേയ്ക്ക് ആരും കടക്കാതിരിക്കാനായി കയര്‍ വലിച്ച് കെട്ടിയിട്ടുണ്ട്.
ഇതിനു മുന്നിലാണ് വാഹനപാര്‍ക്കിംഗ് ഉള്‍പ്പെടെ നടക്കുന്നത്. നിലവിലെ ഒപി ടിക്കറ്റ് കൗണ്ടറിനും സമാന അവസ്ഥയാണ്. മുമ്പ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്പരം പഴിചാരി നടപടികള്‍ വൈകിപ്പിച്ചതാണ് കെട്ടിടം പൊളിക്കല്‍ വൈകാനിടയാക്കിയതെന്നും വിമര്‍ശനമുയരുന്നുണ്ട്.
തൊടുപുഴ നഗരത്തില്‍ കെട്ടിടം പൊളിക്കല്‍ ഇന്നു രാത്രി
തൊടുപുഴ: പുഴയോര ബൈപാസിന്റെ പ്രവേശന കവാടത്തില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മൂന്നുനില കെട്ടിടം പൊളിച്ചു നീക്കുന്ന നടപടികള്‍ക്ക് ഇന്നു രാത്രി പത്തിന് തുടക്കമാകും. രാത്രിയോടെ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിക്കും. കെട്ടിടം പൊളിക്കുന്നതിനു മുന്നോടിയായി വാഹന ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണം ഇങ്ങനെ
തൊടുപുഴ ഗാന്ധി സ്ക്വയറില്‍നിന്നു പാലാ ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡ് വഴി തിരിച്ചുവിടും. മൂവാറ്റുപുഴ ഭാഗത്തുനിന്നു സ്വകാര്യ ബസ് സ്റ്റാന്‍ഡ്, പാലാ എന്നീ ഭാഗങ്ങളിലേക്കുള്ള വലിയ വാഹനങ്ങൾ ഗാന്ധി സ്ക്വയര്‍, മോര് ജംഗ്ഷന്, കോതായിക്കുന്ന് ബൈപാസ് വഴി തിരിച്ചുവിടും.
മൂവാറ്റുപുഴ, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സീമാസ് ജംഗ്ഷന് വഴി തൊടുപുഴ -രാമമംഗലം റോഡ് കയറി വെങ്ങല്ലൂര്‍ - കോലാനി ബെപാസ് കയറി വെങ്ങല്ലൂര്‍ സിഗ്നല്‍ വഴി തിരിച്ച് വിടും.
ബിഎംഎച്ച് ആശുപത്രിയില്‍നിന്നു തൊടുപുഴ - മൂവാറ്റുപുഴ റോഡിലേക്കുള്ള ഭാഗം പൂര്‍ണമായും ബ്ലോക്ക് ചെയ്യുകയും അത്യാഹിത വാഹനങ്ങള്‍ മാത്രം കടന്നു പോകുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യും. മത്സ്യ മാര്‍ക്കറ്റ് റോഡില്‍നിന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലേക്കുള്ള വഴി പൂര്‍ണമായും ബ്ലോക്ക് ചെയ്യും. കോലാനി ഭാഗത്തുനിന്നു വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നെല്‍കോസ് ജംഗ്ഷനില്‍നിന്നു തിരിഞ്ഞ് കോതായിക്കുന്ന് ബൈപാസ് വഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തണം.
Tags : Nattuvishesham District News