ആരവല്ലിക്കാവ് ജംഗ്ഷനിലെ അപകടക്കുഴിയും വെള്ളക്കെട്ടും.
തൊടുപുഴ: നഗരത്തിനു സമീപം വെങ്ങല്ലൂര്‍ - ഊന്നുകല്‍ റോഡില്‍ ആരവല്ലിക്കാവ് ജംഗ്ഷനിലെ അപകടക്കുഴിയില്‍ വീണ്ടും അപകടം. രാവിലെ ജോലിക്കുപോയ ഇരുചക്ര വാഹന യാത്രക്കാരനാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. കുഴിയില്‍വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടും കണ്ണുതുറക്കാതിരുന്ന അധികൃതര്‍ ഇതോടെ ഉണര്‍ന്നു. ഇവിടെ താത്കാലികമായി വെള്ളം ഒഴുക്കിക്കളഞ്ഞ് കുഴി മൂടാനുള്ള നടപടിയാണുണ്ടായത്. അപകടങ്ങള്‍ പതിവായതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി.
ഇന്നലെ രാവിലെയാണ് മടക്കത്താനം കുന്നത്ത് രഘു ഇവിടെ അപകടത്തില്‍പ്പെട്ടത്. രാവിലെ കെട്ടിട നിര്‍മാണ ജോലിക്കായി പോകുന്ന വഴിയാണ് എതിരേവന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ ശ്രമിച്ച രഘു കുഴിയില്‍വീണത്. ഇരു കാലുകളിലും പരിക്കുകളേറ്റ രഘു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തൊടുപുഴയില്‍നിന്ന് മൂന്നാര്‍, അടിമാലി ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണിത്. റോഡില്‍ ടൈല്‍ പാകിയിരിക്കുന്നതിന് ചേര്‍ന്നായിരുന്നു കുഴി രൂപപ്പെട്ടത്. ടൈലിട്ടപ്പോള് റോഡ് ഉയര്‍ന്നതും വെള്ളം കെട്ടിക്കിടക്കാന്‍ കാരണമായി. സമീപത്തുള്ള റോഡിലൂടെയാണ് വെള്ളം പാടത്തേക്കു പോയിരുന്നത്. എന്നാല്‍ റോഡില്‍ പൈപ്പിട്ടതോടെ ജലമൊഴുക്ക് തടസപ്പെട്ടു.
ഏതാനും ദിവസം മുമ്പും ഇവിടെ ഇരുചക്രവാഹന യാത്രക്കാരന് അപകടത്തില്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കാല്‍നടയാത്രക്കാരിയുടെ ഫോണ്‍ വെള്ളക്കെട്ടില്‍ വീണപ്പോള്‍ അത് വീണ്ടെടുക്കാന്‍ അഗ്നിരക്ഷാസേനയെത്തി കുഴിയിലെ വെള്ളം വറ്റിക്കേണ്ടി വന്നിരുന്നു.
ഇന്നലെ രഘു വീണതിനു പിന്നാലെ മാധ്യമങ്ങള്‍ പ്രദേശത്ത് എത്തിയതോടെയാണ് വൈകുന്നേരത്തോടെ കുഴികള്‍ മൂടാന്‍ തീരുമാനമായത്.
വിഷയം എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ ബിജി സുരേഷ് കത്തു നല്കി. പ്രശ്നം ശാശ്വതമായി പരിഹരിച്ച് അപകടമൊഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.