അടിയന്തര കൗൺസിൽ യോഗം പിരിച്ചുവിട്ടശേഷം നടന്ന ബഹളം.
ഗുരുവായൂർ: നഗരസഭയിൽ കൗൺസിൽ യോഗം ബഹളത്തിൽ കലാശിക്കുന്നതും പിരിച്ചുവിടുന്നതും തുടർച്ചയാകുന്നു. മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അടിയന്തര കൗൺസിൽയോഗമാണ് ചെയർപേഴ്സൺ പിരിച്ചുവിടുന്നത്.
നഗരസഭ ബസ് സ്റ്റാൻഡ് നിർമാണം ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് കൗൺസിലർമാരുടെ ആവശ്യപ്രകാരം വിളിച്ചു ചേർത്തതായിരുന്നു ഇന്നലത്തെ യോഗം. അജൻഡ വായിച്ചയുടൻ ചെയർപേഴ്സൺ വിശദീകരണംനൽകുകയായിരുന്നു. ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് മുൻപ് ചർച്ചചെയ്തതാണെന്നും ബസ് സ്റ്റാൻഡ് നിർമാണസ്തംഭനത്തിന് കാരണക്കാരൻ സെക്രട്ടറിയാണെന്നും ചെയർപേഴ്സൺ സുനിത അരവിന്ദൻ പറഞ്ഞു.
ചെയർപേഴ്സണെ അനുകൂലിച്ച് ഭരണപക്ഷ അംഗങ്ങൾ ഒന്നടങ്കം ഇരിപ്പിടങ്ങളിൽനിന്നെഴുന്നേറ്റ് സെക്രട്ടറിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചു. സെക്രട്ടറിക്ക് മറുപടി പറയാൻ അവസരംനൽകണമെന്ന് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
സെക്രട്ടറിക്ക് മറുപടി പറയാൻ അവസരം നൽകില്ലെന്ന നിലപാടായതോടെ യുഡിഎഫ് അംഗങ്ങൾക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം നൽകണമെന്നായി. ഇതിനൊന്നും നിൽക്കാതെ ചെയർപേഴ്സൺ കൗൺസിൽ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. 10 മിനിറ്റ് മാത്രമാണ് കൗൺസിൽ നടപടികൾ നടന്നത്.
തുടർന്ന് ഭരണപക്ഷ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് ശാന്തമാക്കിയത്. കൗൺസിൽ യോഗത്തിൽ ആദ്യമായാണ് ഭരണപക്ഷംതന്നെ ബഹളമുണ്ടാക്കി ആദ്യം ഇറങ്ങിപ്പോകുന്നതെന്ന് യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. ചർച്ചകൾക്ക് അവസരം നൽകാതിരിക്കുകയും ഉദ്യോഗസ്ഥർക്ക് വിശദീകരണത്തിന് അവസരം നൽകാതിരിക്കുകയുംചെയ്ത ചെയർപേഴ്സന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് വിയോജനകുറിപ്പ് നൽകി. തുടർന്ന് യുഡിഎഫ് അംഗങ്ങൾ നിർമാണം നിലച്ച ബസ് സ്റ്റാൻഡ് സന്ദർശിച്ചു.
സെക്രട്ടറി യുഡിഎഫ് അംഗങ്ങളുമായ ചേർന്ന് വികസനത്തിന് എതിരുനിൽക്കുകയാണെന്ന് ചെയർപേഴ്സൺ സുനിത അരവിന്ദൻ ആവർത്തിച്ചു. 17 യുഡിഎഫ് കൗൺസിലർമാർക്കൊപ്പം സെക്രട്ടറി 18-ാമത്തെ കൗൺസിലറായി മാറിയെന്നും അവർ പറഞ്ഞു.
ബയോപാർക്കിലെ മാലിന്യം ക്വാറിയിൽ തള്ളണമെന്ന ആവശ്യവുമായി കൗൺസിലർമാരായ എ.എസ്. മനോജ്, എറിൻ ആന്റണി എന്നിവർ കാബിനിലെത്തിയെന്ന സെക്രട്ടറിയുടെ ആരോപണം കളവാണെന്നും അങ്ങനെ ഒരുസംഭവം ഉണ്ടായിട്ടില്ലെന്നും കൗൺസിലർ എറിൻ ആന്റണി അറിയിച്ചു.