കൊല്ലം: പഫർ ഫിഷും (കടൽ പേത്ത, കടൽ മാക്രി), കടൽപ്പന്നികളും (ഡോൾഫിൻ) വ്യാപകമായതോടെ വലയിടാനാകാതെ മത്സ്യത്തൊഴിലാളികൾ. തീരക്കടൽ മുതൽ 15 നോട്ടിക്കൽ മൈൽവരെ കടൽമാക്രി ശല്യം രൂക്ഷമാണ്. വലയിൽ കുടുങ്ങുന്ന മത്സ്യങ്ങളെ തിന്നാൻ എത്തുന്ന കടൽപ്പന്നികളുടെ ശല്യം ഏറെയും ഉൾക്കടലിലാണ്.
മത്സ്യത്തൊഴിലാളികളുടെ വലകൾ ഇവ കടിച്ചുനശിപ്പിക്കുന്നതിനാൽ ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കാണ് കൂടുതൽ പ്രതിസന്ധി. ഇതേത്തുടർന്നു ബോട്ടുകളും വള്ളങ്ങളും ഏറെയും മീൻപിടിത്തത്തിന് ഇറങ്ങാതെ കരയ്ക്ക് കയറ്റിയിരിക്കുകയാണ്.
കടൽമാക്രികളുടെ സാന്നിധ്യം ഉള്ളയിടങ്ങളിൽ മീനുകൾ അകന്നുമാറും. വലയും ഇവ കടിച്ചുമുറിച്ച് നശിപ്പിക്കും. ഇതുകാരണമാണ് യാനങ്ങൾ കടലിൽ ഇറക്കാൻ ഉടമകളും തൊഴിലാളികളും മടിക്കുന്നത്. കാലാവസ്ഥയിലും കടലിലെ ആവാസവ്യവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് കടൽമാക്രികൾ വർധിക്കുന്നതിനു കാരണം.
ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കടല്മാക്രികളെ സാധാരണയില് കൂടുതലായി കണ്ടുവരാറുള്ളത്. കഴിഞ്ഞ ആഴ്ച ആലപ്പാട് ഭാഗത്ത് തീരത്തോടുചേർന്ന് ഇവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ പടിഞ്ഞാറ് പത്തുമാറ് മാറി വലയിട്ടെങ്കിലും അവിടെയും വലിയ കടൽമാക്രികൾ വല പൂർണമായി നശിപ്പിച്ചെന്നു തൊഴിലാളികൾ പറയുന്നു.
ഇന്ധന ചെലവ് ഉൾപ്പെടെ 30,000– 40,000രൂപയോളം ദിവസം മീൻപിടിത്തത്തിന് ചെലവുണ്ട്. താങ്ങുവലകൾ ഉൾപ്പെടെയാണ് പഫർ ഫിഷും കടൽപ്പന്നിയും നശിപ്പിക്കുന്നത്. 2000കിലോയുള്ളതാണ് താങ്ങുവല. കിലോയ്ക്ക് 540രൂപയാണ് വില. ഇതു നശിക്കുന്നതിലൂടെ വലിയ നഷ്ടമാണ് ഉണ്ടാകുന്നത്.
വീർത്തു വലുതാകുന്ന ശരീരപ്രകൃതമുള്ളതും ശരീരത്തിലാകെ മുള്ളുകളുള്ളതുമാണ് കടൽമാക്രി. മൂർച്ചയുള്ള പല്ലും മുള്ളുമാണ് ഇവയുടെ ആയുധം. കൂട്ടത്തോടെ ഇവ അകപ്പെട്ടാൽ വല മുഴുവൻ നശിക്കും. വലയിൽ കുടുങ്ങിയ മീനുകളെ ഭക്ഷിക്കാനാണ് ഡോൾഫിനുകൾ എത്തുന്നത്.
വലയിൽ അകപ്പെട്ടാൽ പോക്കറ്റ് കീറും
കടൽ മാക്രികൾ വലയിൽ അകപ്പെട്ടാൽ പഴയ വല ഉപയോഗശൂന്യമാകുന്നതിനാൽ ലക്ഷങ്ങൾ മുടക്കി പുതിയ വല വാങ്ങേണ്ട സ്ഥിതിയിലാണ്. 2003-ൽ കടൽ മാക്രികളുടെ അക്രമത്തിന് ഇരയാകുന്നവർക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ടു നിയമ സഭയിൽ പ്രമേയം അവതരിപ്പിച്ചതാണ്. മത്സ്യത്തൊഴിലാളികളിൽ നിന്നും പരാതി വ്യാപകമാകുന്ന സാഹചര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നു സർക്കാർ അറിയിച്ചിട്ടുണ്ട്.
വീര്യമുള്ള വിഷം
വീർത്ത് വലുതാകുന്ന ശരീരപ്രകൃതവും ശരീരത്തിലാകെ മുള്ളുകളുമുള്ള മത്സ്യമാണ് കടൽമാക്രി (പഫർ ഫിഷ്). സ്രാവുകൾ ഒഴികെയുള്ള ഏതു ശത്രുവിനെയും കൊല്ലാൻ പോന്ന ടെട്രാഡോടോക്സിൻ എന്ന വിഷം ഒട്ടുമിക്ക പഫർഫിഷുകളുടെയും ശരീരത്തിലുണ്ട്.
സയനൈഡിനേക്കാൾ 1200 മടങ്ങ് വീര്യമുള്ളതാണ് ഇത്. ഇലാസ്റ്റിക് പോലെ വലിയുന്ന വയറും പരമാവധി വെള്ളവും ആവശ്യമെങ്കിൽ വായുവും വലിച്ചെടുക്കാനുള്ള കഴിവാണ് പഫർഫിഷിനെ വീർക്കാൻ സഹായിക്കുന്നത്.
ചിലയിനങ്ങൾക്ക് ശരീരത്തിനുചുറ്റും മുള്ളുകളുമുണ്ട്. കാണുമ്പോൾ വലിപ്പം കുറവാണെങ്കിലും കടൽപേത്തകളുടെ ആക്രമണം ശക്തമാണ്. ഇവ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിലും മുറിവും ഉണ്ടാകാനിടയുണ്ട്.
Tags : nattu vishesham Sea urchins