പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: മീൻപിടിത്തം കഴിഞ്ഞു തിരിച്ചെത്തി വള്ളത്തിൽ നിന്നു നീന്തുന്നതിനിടയിൽ ശക്തമായ തിരയിപ്പെട്ടു കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനുള്ള ശ്രമംതുടരുന്നു.
അടിമലത്തുറ പുറമ്പോക്ക് പുരയിടത്തിൽ ജോസഫിന്റെ മകൻ ബൈജു (44) വിനെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ പൂവാർ പള്ളം തീരത്തായിരുന്നു അപകടം. ചൊവ്വാഴ്ച വൈകുന്നേരം വിഴിഞ്ഞം തുറമുഖത്തുനിന്ന് അടിമലത്തുറ സ്വദേശി ക്രിസ്തുദാസിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ അടിമലത്തുറ സ്വദേശികളായ വിക്ടർ, ഷാഹുൽ, സുനിൽ, തദ്ദേവൂസ്, ഷിജിൻ എന്നിവർക്കൊപ്പമാണ് ബൈജു മീൻ പിടിക്കാൻ പുറപ്പെട്ടത്.
മത്സ്യബന്ധനം കഴിഞ്ഞ് പള്ളം ഫിഷ് മാർക്കറ്റിൽ മീൻ വിൽക്കുന്നതിനു ലക്ഷ്യമിട്ടു തീരത്തിനു സമീപം വള്ളമടുപ്പിച്ചു . തുടർന്നു ബൈജു ഉൾപ്പെടെയുള്ള അഞ്ചുപേർ വള്ളത്തിൽ നിന്നിറങ്ങി കരയിലേക്കു നീന്തി. കരയെത്തുന്നതിനു തൊട്ടുമുന്പെത്തിയ ശക്തമായ തിരയിൽ ബൈജു മുങ്ങിപ്പോവുകയായിരുന്നുവെന്നു കൂടെയുണ്ടായിരുന്നവർ പൂവാർ തീരദേശ പൊലി സി നു മൊഴിനൽകി. കാണാതായ ഭാഗത്ത് ശക്തമായ അടിയൊഴുക്ക് ഉണ്ടെങ്കിലും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.