നിലന്പൂർ: ആദിവാസി കുടുംബങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ജില്ലയിലെ ഭൂരഹിത ആദിവാസി കുടുംബങ്ങൾക്കുള്ള രണ്ടാംഘട്ട ഭൂവിതരണം മുടങ്ങി.നറുക്കെടുപ്പ് നടത്തി ഭൂമി വിതരണം ചെയ്യാനുള്ള നീക്കം ആദിവാസി നേതാവ് ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിൽ തടഞ്ഞതോടെയാണിത്. പ്രതിഷേധം ശക്തമായതോടെ ഡെപ്യൂട്ടി കളക്ടർ വി.ടി. ഘോളി നറുക്കെടുപ്പ് നിർത്തിവച്ചതായി അറിയിച്ചു.
ഇതോടെ ആദിവാസികൾക്കായുള്ള ഭൂമി വിതരണം വൈകുമെന്ന് ഉറപ്പായി. പാർട്ടി താൽപ്പര്യപ്രകാരമാണ് ഭൂമി വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഭൂമിക്ക് വേണ്ടി 417 പേരാണ് അപേക്ഷ നൽകിയിരുന്നത്. ഇതിൽ 144 പേർക്കുള്ള ഭൂമി മാത്രമാണ് അളന്ന് തിട്ടപ്പെടുത്തി വിതരണത്തിന് തയാറാക്കിയിട്ടുള്ളത്. അവശേഷിക്കുന്നവർക്കുള്ള ഭൂമി വനംവകുപ്പിൽ നിന്ന് ലഭ്യമായിട്ടില്ല. ഇതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
നെല്ലിപൊയിൽ കൊടിരീ ബീറ്റിലെ 330 അപേക്ഷകരിൽ 203 പേരുടെയും കണ്ണംകുണ്ടിൽ 22 അപേക്ഷകരിൽ 12 പേരുടെയും നറുക്കെടുപ്പ് നടന്നിരുന്നു. 202 പേരുടെ നറുക്കെടുപ്പ് കൂടി നടക്കാനിരിക്കെയാണ് പ്രതിഷേധമുണ്ടായത്.
ഭരണകൂട നിലപാടിനെ തള്ളി ആദിവാസികൾ
നിലന്പൂർ: വനംവകുപ്പിൽനിന്ന് 80 ഹെക്ടർ ഭൂമി ലഭിക്കുന്ന മുറയ്ക്ക് കൈമാറുമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചെങ്കിലും അംഗീകരിക്കാൻ തയാറാകാതെ ആദിവാസി കുടുംബങ്ങൾ.
144 കുടുംബങ്ങൾക്ക് സ്ഥലം ലഭിച്ചാലും 273 ഓളം ഭൂരഹിത കുടുംബങ്ങൾക്ക് ഇനിയും ഭൂമി ലഭിക്കാതെ പുറത്താകും. ഒന്നാംഘട്ടത്തിൽ വിതരണം ചെയ്ത സ്ഥലം പോലും രണ്ട് വർഷമായി തരംതിരിച്ച് കൊടുത്തിട്ടുമില്ല. ഈയൊരു സാഹചര്യത്തിലായിരുന്നു ശക്തമായ പ്രതിഷേധം.
ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യാനായി 117 ഹെക്ടർ സ്ഥലം വനംവകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. ഇതിൽ നിന്ന് 71 ഹെക്ടർ സ്ഥലം രണ്ട് വർഷം മുന്പ് 570 കുടുംബങ്ങൾക്കായി വിതരണം ചെയ്തിരുന്നു. ബാക്കിയുള്ള 37 ഹെക്ടറിനെച്ചൊല്ലിയാണ് വിവാദം.
Tags : nattu vishesham Second phase land distribution