പ്രതീകാത്മക ചിത്രം
ചെറുതോണി: വന്യജീവി ആക്രമണസാധ്യത വിലയിരുത്തി വനംവകുപ്പ് തയാറാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടിക വിചിത്രവും ദുരുദ്ദേശ്യപരവുമാണെന്ന് കര്‍ഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, പ്രസിഡന്റ് എന്‍.വി. ബേബി, സൈബിച്ചൻ തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ജില്ലയിലെ 40 പഞ്ചായത്തുകളെയാണ് വന്യജീവി ആക്രമണ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്താകെ 273 പഞ്ചായത്തുകളെയാണ് പട്ടികയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയെക്കുറിച്ച് സാമാന്യവിവരം പോലും ഇല്ലാത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എവിടെയോ ഇരുന്ന് തയാറാക്കി നല്കിയ വിചിത്രമായ പട്ടികയ്ക്ക് വനംമന്ത്രിയും സര്‍ക്കാരും അംഗീകാരം നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
ഏറ്റവും കൂടുതല്‍ ആക്രമണ സാധ്യതയുള്ളത്, കൂടുതൽ സാധ്യതയുള്ളത്, ഇടത്തരം സാധ്യതയുള്ളത് എന്നിങ്ങനെ മൂന്നു തരത്തിലാണ് പഞ്ചായത്തുകളെ തിരിച്ച് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. കാട്ടാന ആക്രമണത്തില്‍ രണ്ടു മരണങ്ങളുണ്ടായ പെരുവന്താനം പഞ്ചായത്തും വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇടമലക്കുടി പഞ്ചായത്തും ഒരു ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടില്ല. ദൈനംദിനം വന്യജീവി ആക്രമണം നിലനില്ക്കുകയും നിരന്തരമായി ആളുകള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന ചിന്നക്കനാല്‍, ശാന്തന്‍പാറ, ഉടുമ്പഞ്ചോല, മൂന്നാര്‍, ദേവികുളം, കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തുകളെ ആക്രമണസാധ്യത താരതമ്യേന കുറഞ്ഞ ഇടത്തരം പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വന്യജീവി ആക്രണം ഏറ്റവും കൂടുതലുള്ള പഞ്ചായത്തുകളില്‍ മാങ്കുളം മാത്രമാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാട്ടാന ആക്രമണം നിരന്തരം നേരിടുന്ന പഞ്ചായത്തുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വന്യജീവി ആക്രമണം ഉണ്ടാകാത്ത 18 പഞ്ചായത്തുകള്‍ ലിസ്റ്റില്‍ ഉള്പ്പെട്ടിട്ടുമുണ്ടെന്നതും വിരോധാഭാസമാണ്.
വന്യജീവി ആക്രമണം നിലനില്ക്കണമെന്ന് വിചാരിക്കുന്ന വനംവകുപ്പിലെ ഉദ്യോഗസ്ഥർ തയാറാക്കുന്ന ഇത്തരം പട്ടികകള്‍ പരിശോധനയ്ക്കു പോലും വിധേയമാക്കാതെ മന്ത്രി അംഗീകാരം നല്‍കുന്നത് കര്‍ഷകജനതയോടുള്ള വെല്ലുവിളിയാണ്. അതുപോലെതന്നെ വനാതിര്‍ത്തി പങ്കിടാത്തതും വന്യജീവി ആക്രമണം ഇല്ലാത്തതുമായ പഞ്ചായത്തുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ദുരുദ്ദേശ്യപരമാണ്. ജില്ലയിലെ ജനജീവിതം ദുരിതപൂർണമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് വന്യജീവി ആക്രമണം ഇല്ലാത്ത പഞ്ചായത്തുകളെ ആക്രമണസാധ്യതയുള്ള പഞ്ചായത്തുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. വസ്തുതയ്ക്കു നിരക്കാത്ത ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് ജനതയെ കുടിയിറക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇത്.
ജില്ല മുഴുവന്‍ വനവത്കരണം കൊണ്ടുവരിക എന്ന ഗൂഢലക്ഷ്യത്തോടെയാണ് വനംവകുപ്പ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഏലപ്പാറയിലും വാഗമണ്ണിലും കഞ്ഞിക്കുഴിയിലും റവന്യുഭൂമി കൈയേറുന്ന വനംവകുപ്പിന് ഒത്താശ ചെയ്യുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇത്തരം കര്ഷകദ്രോഹനീക്കത്തിനെതിരേ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ 11ന് വന്യജീവി ആക്രമണമില്ലാത്തതും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ കട്ടപ്പന മുനിസിപ്പാലിറ്റി, അയ്യപ്പന്‍കോവില്‍, ഏലപ്പാറ, ഇരട്ടയാര്‍, കാമാക്ഷി, കരിമണ്ണൂര്‍, കരുണാപുരം, കോടിക്കുളം, കൊക്കയാര്‍, കൊന്നത്തടി, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, സേനപതി, വണ്ടന്മേട്, വാഴത്തോപ്പ്, വാത്തിക്കുടി, വെള്ളിയാമറ്റം എന്നീ പഞ്ചായത്തുകളില്‍ സായാഹ്ന ധർണ നടത്തും.
കര്‍ഷകസംഘം നേതാക്കളായ മുൻ എംഎൽഎ എം.എം. മണി രാജാക്കാടും സി.വി. വര്‍ഗീസ് തങ്കമണിയിലും എന്‍.വി. ബേബി കൊന്നത്തടിയിലും റോമിയോ സെബാസ്റ്റ്യന്‍ മുരിക്കാശേരിയിലും സമരം ഉദ്ഘാടനം ചെയ്യും. മറ്റു കേന്ദ്രങ്ങളില്‍ വിവിധ വര്‍ഗ ബഹുജന സംഘാടനാ നേതാക്കള്‍ സമരം ഉദ്ഘാടനം ചെയ്യും.
Tags : Nattuvishesham Local News forest expansion Farmers' Asso dharna at 11