പ്രതിഷേധ മാർച്ചിനിടെ എസ്എഫ്ഐ പ്രവർത്തകർക്കുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
പാലക്കാട്: നീറ്റ് പരീക്ഷയിലെ ക്രമക്കേടിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, പരീക്ഷാ ക്രമക്കേടിൽ സമഗ്ര അന്വേഷണം നടത്തുക, വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് എത്തിയപ്പോൾ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടന്ന് പോസ്റ്റ് ഓഫീസ് വളപ്പിലേക്ക് കടക്കാൻ ശ്രമിച്ചു. പോലീസ് തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി.
പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും സമരം ശക്തമായതോടെ മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരെ പിരിച്ചുവിട്ടു. ജില്ലയിലെ വിവിധ ഏരിയാ കമ്മിറ്റികളിൽ നിന്നായി നൂറുകണക്കിന് വിദ്യാർഥികൾ മാർച്ചിൽ പങ്കെടുത്തു. പ്രതിഷേധയോഗം എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. അമൽ ഉദ്ഘാടനം ചെയ്തു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ വിദ്യാർഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്നതാണെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും പരീക്ഷാ സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.