പ്രതീകാത്മക ചിത്രം
കഴക്കൂട്ടം : ചാന്നാങ്കരയിൽ മുത്തശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെറുമകൻ ഷിബിനെ ആറ്റിങ്ങൾ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു. ചാന്നാങ്കര കൂട്ടച്ചാൽ താബൂക്ക് കമ്പനിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കഠിനംകുളം ചാന്നാങ്കര വെട്ടുതുറ പുതുവൽപുരയിടം വീട്ടിൽ മത്സ്യത്തൊഴിലാളിയായ മേഴ്സി (65)യാണു കൊല്ലപ്പെട്ടത്.
പ്രതിയെ ചോദ്യം ചെയ്തതിൽനിന്നു സ്ഥിരമായി ലഹരിയ്ക്കടിമയാണെന്നും മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്നു സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്നും പൊലിസിനോടു സമ്മതിച്ചു. ചൊവ്വാഴ്ച രാവിലെയും പതിവുപോലെ വഴക്കുണ്ടായെന്നും മുത്തശിയുടെ കഴുത്തുഞെരിച്ചുവെന്നും തുടർന്നു മർദിച്ചു കൊലപ്പെടുത്തിയെന്നും ഷിബിൻ മൊഴി നൽകിയിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുവെന്നും പൊലിസ് വ്യക്തമാക്കി. മേഴ്സിയുടെ മൃതദേഹം വെട്ടുതുറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ സംസ്കരിച്ചു.