പ്രതീകാത്മക ചിത്രം
നെടുംകുന്നം: കാട്ടുപന്നികളെ തുരത്താൻ ഷൂട്ടർമാർ എത്തുന്നു. കാട്ടുപന്നികൾ വിഹരിക്കുന്ന നെടുംകുന്നം പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഇവയെ തുരത്താൻ വിദഗ്ധരായ ഷൂട്ടർമാരുടെ സേവനം പ്രയോജനപ്പെടുത്താൻ തീരുമാനമായി.
മാന്തുരുത്തി മേഖല, മുളയംവേലി, കുരുന്നംവേലി, ഇടത്തിനാട്ടുപടി, നെടുമണ്ണി, ആര്യാട്ടുകുഴി, വീരമലക്കുന്ന് ഭാഗങ്ങൾ, മൈലാടി പ്രദേശങ്ങൾ, തുടങ്ങിയ ഇടങ്ങളിൽ കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാണ്. ഈ പ്രദേശങ്ങളിലെ നിരവധി കർഷകരുടെ കപ്പ, ചേന, കാച്ചിൽ ചേമ്പ്, വാഴ, കമുകുതൈകൾ, തുടങ്ങിയ വിളകൾ വൻതോതിലാണ് കാട്ടുപന്നികൾ നശിപ്പിക്കുന്നത്. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതുമൂലം ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. മാന്തുരുത്തി, നെടുംകുഴി, വള്ളിമല , തുണ്ടിയിൽപ്പടി, കോവുകുന്നേൽപ്പടി തുടങ്ങിയ പ്രദേശങ്ങളിൽ പകൽ സമയങ്ങളിൽ പോലും കാട്ടുപന്നികൾ വിഹരിക്കുന്നതായി നാട്ടുകാർ പറയുന്നു.
മാന്തുരുത്തി ജംഗ്ഷനു സമീപം തുണ്ടിപ്പടിറോഡിൽ വള്ളിപ്പടർപ്പുകളും പടലുകളും നിറഞ്ഞ സ്വകാര്യ വസ്തുവിൽ കഴിഞ്ഞ ദിവസം സ്കൂൾ കുട്ടികൾ ഇവയെ കണ്ടിരുന്നു. നിരവധി നാട്ടുകാർ സഞ്ചരിക്കുന്ന ഈ റോഡിൽ പകൽ നേരങ്ങളിൽ ഇവയെ കണ്ടതിൽ ജനങ്ങൾ ആശങ്കയിലാണ്. നിരവധി ടാപ്പിംഗ് തൊഴിലാളികളും മറ്റും പുലർച്ചെ സഞ്ചരിക്കുന്ന വഴിയാണിത്. ഈ പ്രദേശങ്ങളിലെ കൃഷികൾ നശിപ്പിക്കുന്നതുകൂടാതെ വീടുകളിൽ രാത്രി സമയങ്ങളിൽ എത്തി വീട്ടുമുറ്റങ്ങൾ വരെ കുത്തി ഇളക്കുന്നതും പതിവാണ്. ജനങ്ങളുടെ പരാതികളെ തുടർന്നാണ് കാട്ടുപന്നികളെ തുരത്താൻ വിദഗ്ധരായ ഷൂട്ടർമാരെ നിയമിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.
Tags : Shooters NattuVishasham DistrictNews