സഹോദയ ജില്ലാ ചെസ് ടൂർണമെന്റിൽ ഓവറോൾ ജേതാക്കളായ പാണക്കാട് സ്ട്രെയ്റ്റ് പാത്ത് ഇന്റർനാഷണൻ സ്കൂൾ.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് കാന്പസ് സെൻട്രൽ സ്കൂളിൽ സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിച്ച സഹോദയ ജില്ലാ ചെസ് ടൂർണമെന്റിൽ 118 പോയിന്റുകൾ നേടി പാണക്കാട് സ്ട്രെയ്റ്റ് പാത്ത് ഇന്റർനാഷണൽ സ്കൂൾ ഓവറോൾ കിരീടം ചൂടി. 114 പോയിന്റുകളുമായി വേങ്ങര പീസ് പബ്ലിക് സ്കൂൾ രണ്ടും 111 പോയിന്റുകളുമായി തിരൂർ ബെഞ്ച് മാർക് സ്കൂൾ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജില്ലയിലെ 30 സിബിഎസ്ഇ വിദ്യായലങ്ങളിൽ നിന്നായി 700ൽ പരം മത്സരാർഥികളാണ് പങ്കെടുത്തത്.
ഓവറോൾ വിജയികൾക്ക് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ ഏർപ്പെടുത്തിയ 10,000 രൂപയുടെ എംഇഎസ് എൻഡോവ്മെന്റ് ടൂർണമെന്റ് അവാർഡും ഉണ്ടായിരുന്നു. സമാപാന സമ്മേളനത്തിൽ സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുൾനാസർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
ജാസ്മീർ ഫൈസൽ, എംഇഎസ് സ്കൂൾ പ്രിൻസിപ്പൽ സി.കെ. ഹൗസത്ത് എന്നിവർ മെഡലുകളും ട്രോഫികളും നൽകി. ഉമ്മർ തയ്യിൽ, ഡോ. അലി റിഷാദ്, റംല പച്ചീരി,ശിഹാബുദ്ദീൻ, ഇ. ബിജു എന്നിവർ പങ്കെടുത്തു.