ചെറുതോണി: പാചകവാതക സിലിണ്ടറിൽ വാതകത്തിനുപകരം പച്ചവെള്ളം. കഞ്ഞിക്കുഴിയിലെ ഗ്യാസ് ഏജൻസിയിൽ നിന്നു വിതരണം ചെയ്ത ഗാർഹിക പാചക സിലിണ്ടറിലാണ് വെള്ളം കണ്ടെത്തിയത്.
മഞ്ഞപ്പാറ സ്വദേശി പുല്ലുമലയിൽ സതീഷിന്റെ വീട്ടിലെത്തിച്ച സിലിണ്ടറിലാണ് വെള്ളം കണ്ടെത്തിയത്. പത്തു ദിവസം മുമ്പാണ് സതീഷ് സിലിണ്ടർ വാങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉപയോഗിച്ചുതുടങ്ങിയത്. സിലിണ്ടർ ഒരു ദിവസം മാത്രമാണ് പ്രവർത്തിച്ചത്.
ബുധനാഴ്ച അടുപ്പ് കത്തിക്കാൻ നോക്കിയപ്പോൾ പാചകവാതകം ലഭിക്കാത്തതിനെ തുടർന്ന് റെഗുലേറ്റർ അഴിച്ച് പരിശോധിച്ചപ്പോഴാണ് വാൽവിലൂടെ പച്ചനിറമുള്ള വെള്ളം പുറത്തേക്ക് വരുന്നതു വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
സംശയം തോന്നിയ വീട്ടുകാർ സിലിണ്ടറിന്റെ ഭാരം പരിശോധിച്ചു. സാധാരണ 29.8 കിലോയാണ് സിലിണ്ടറിന്റെ തൂക്കം. ഒരു ദിവസം ഉപയോഗിച്ച ശേഷവും ഈ സിലിണ്ടറിന്റെ ഭാരം 31.685 കിലോയായിരുന്നു. ഇതോടെയാണ് സിലിണ്ടറിനുള്ളിൽ വെള്ളം നിറച്ചിരിക്കാമെന്ന സംശയം ശക്തമായത്. തുടർന്ന് വീട്ടുടമ കഞ്ഞിക്കുഴിയിലെ ഗ്യാസ് ഏജൻസിയിൽ വിവരമറിയിച്ചു.
പരാതി ലഭിച്ചതോടെ സിലിണ്ടർ തിരികെവാങ്ങി പകരം പുതിയ സിലിണ്ടർ നൽകുമെന്ന് ഏജൻസി അധികൃതർ അറിയിച്ചു. പാചകവാതക സിലിണ്ടറുകളുടെ സുരക്ഷയേയും വിതരണത്തിലെ ഗുണനിലവാരത്തെയുംകുറിച്ച് വലിയ ആശങ്കയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.
തുടർച്ചയായുയരുന്ന ഇത്തരം പരാതികളുടെ പശ്ചാത്തലത്തിൽ പാചക വാതക സിലിണ്ടറുകളുടെ നിറയ്ക്കൽ, പരിശോധന, വിതരണം എന്നിവയിൽ സമഗ്ര പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags : Nattuvishesham District News