കണ്ണൂർ യൂണിവേഴ്സിറ്റി
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പരീക്ഷ മൂല്യനിർണയ സന്പ്രദായം പരിഷ്കരിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ ഇന്നലെ ചേർന്ന് സിൻഡിക്കേറ്റ യോഗം തീരുമാനിച്ചു. സർവകലാ ശാലയിലെ വിവിധ പഠനവകുപ്പുകൾ ഏകോപിക്കുന്നതിനായി സിൻഡിക്കറ്റ് തല കമ്മിറ്റിക്കും യോഗം രൂപം നല്കി.
കണ്ണൂർ സർവകലാശാല രജിസ്ട്രാർ പ്രഫ. ഡോ. ജോബി കെ. ജോസ് കാലാവധി പൂർത്തിയാകുന്നതിനുമുന്പ് പദവിയിൽനിന്നും മാറി. രജിസട്രാറുടെ ചുമതല ഫിനാൻസ് ഓഫിസർ എസ്. സുനിൽ കുമാറിനു നൽകാനും തീരുമാനിച്ചു.
സുപ്രീം കോടതിയിൽ കണ്ണൂർ സർവകലാശാലയെ പ്രതിനിധാനം ചെയ്യുന്ന അഡ്വ. സുഭാഷ്ചന്ദ്രനെ മാറ്റി അഡ്വ. പി.എസ്. സുൾഫിക്കർ അലിയെ വൈസ്ചാൻസലർ പ്രത്യേക അധികാരം ഉപയോഗിച്ച് തത്സ്ഥാനത്ത് നിയമിച്ച നടപടി സിൻഡിക്കറ്റ് അംഗീകരിച്ചു.
എൻസിസി/എൻഎസ്എസ്/ സ്പോർട്സ് എന്നിവയുമായി ബന്ധപ്പെട്ട് അതാതു സമയങ്ങളിൽ പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സ്പെഷൽ പരീക്ഷ നടത്താനും വിവിധ വിഷയങ്ങളിൽ മേഴ്സി ചാൻസുമായി ബന്ധപ്പെട്ട് പരീക്ഷ നടത്താനും യോഗം തീരുമാനിച്ചു.
പി.എം. ഉഷ ഇനത്തിൽ വിവിധ ഫണ്ടുകൾക്ക് അംഗീകാരം നൽകി. വിവിധ കോളജുകളിലെ 11 അധ്യാപകർക് സ്ഥാനക്കയറ്റം നൽകി.
എൻഐഎ കടവത്തൂർ, സർ സയ്യിദ് കോളജ് തളിപ്പറമ്പ എന്നീ കോളജുകളിൽ പുതുതായി ജോലിയിൽ പ്രവേശിച്ച അധ്യാപകരുടെ നിയമനവും യോഗം അംഗീകരിച്ചു.
Tags : NattuVishasham DistrictNews