പത്തനംതിട്ട: ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലമെന്ന നിലയിൽ റാന്നിക്ക് പ്രത്യേക പരിഗണന സംസ്ഥാന സർക്കാരിൽ നിന്നു ലഭിക്കേണ്ടതുണ്ടെന്ന് നിയുക്ത എംഎൽഎ പഴകുളം മധു. പത്തനംതിട്ട പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷനായിരുന്നു.
വികസനരംഗത്ത് റാന്നി വളരെ പിന്നിലാണ്. സമീപപ്രദേശങ്ങൾ കൈവരിച്ച പല നേട്ടങ്ങളും റാന്നിയിലേക്ക് എത്തിയിട്ടില്ല. വികസനകാര്യത്തിൽ റാന്നിയിലെ മുൻ എംഎൽമാരുമായി ചർച്ച ഉണ്ടാകും. ടൗൺ വികസനത്തിന് ഒരു മാസ്റ്റർപ്ലാൻ ഉണ്ടാകണം. ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ തീരെയില്ല. കംഫർട്ട് സ്റ്റേഷൻ അടിയന്തരമായി തുറക്കും.
റാന്നിയിലെ പുതിയ പാലത്തിന്റെ പണികൾ പൂർത്തീകരിക്കേണ്ടതുണ്ട്. തീർഥാടകരുടെ പമ്പയിലെ തിരക്ക് ഒഴിവാക്കാൻ വടശേരിക്കര കേന്ദ്രീകരിച്ച് പിൽഗ്രിം സെന്റർ തുറക്കും. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം അതിരൂക്ഷമാണ്. ജൽ ജീവൻ മിഷൻ പൈപ്പുകൾ മാത്രം കുഴിച്ചിട്ടിട്ടുണ്ട്. ഒരിടത്തും വെള്ളം എത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
റാന്നി വലിയ പാലം പണി വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവരുടെ യോഗം ചേരും. കരാർ തുകയുടെ 45 ശതമാനവും കൈമാറിയതായാണ് മനസിലാക്കുന്നത്. അധികരിച്ച തുകയ്ക്കാണ് കരാർ നൽകിയിട്ടുള്ളത്. നിശ്ചിത സമയപരിധിക്കുള്ളിൽ പാലം പൂർത്തിയാക്കാനാകുമോയെന്നാണ് കരാറുകാരനിൽ നിന്ന് ആദ്യം അറിയേണ്ടത്. ഇതിനു സാധിക്കുന്നില്ലെങ്കിൽ മറ്റുവഴികൾ തേടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളുണ്ടാകണം. റോഡ് പുനർനിർമിക്കുന്നതടക്കമുള്ള ശിപാർശകൾ നടപ്പാകണം. മണ്ഡലത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട പദ്ധതികളുടെ പുരോഗതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ പുതിയ ടീം വേണം
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിക്കുന്നത് യുഡിഎഫ് സർക്കാർ ആലോചിക്കണം. നിലവിലെ അന്വേഷണ സംഘത്തിനുമേൽ സംശയങ്ങൾ നിഴലിക്കുന്ന സാഹചര്യത്തിലാണിത്. കുറ്റപത്രം പോലും നല്കാനാകാതെ പ്രതി ചേർക്കപ്പെട്ടവർ ജാമ്യത്തിൽ ഇറങ്ങുകയാണുണ്ടായത്. പുതിയ എസ്ഐടി രൂപീകരിക്കുന്നതിന് മുഖ്യമന്ത്രിക്കു കത്ത് നൽകുമെനനും പഴകുളം മധു പറഞ്ഞു.
എഡിഎം നവൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ന്യായമാണ്. ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.
മണിയാർ പദ്ധതി വൈദ്യുത ബോർഡ് ഏറ്റെടുക്കണം
മണിയാർ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് കാർബോറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡുമായുള്ള കരാർ അവസാനിച്ച സാഹചര്യത്തിൽ പദ്ധതി വൈദ്യുതി വകുപ്പ് ഏറ്റെടുക്കാൻ തയാറാകണം. കഴിഞ്ഞ 10 വർഷമായി പദ്ധതിയിൽ നടന്ന വൈദ്യുതി ഉത്പാദനത്തിന്റെ കണക്കുകൾ ശേഖരിക്കണം. സർക്കാരിലേക്ക് കമ്പനി നൽകാനുള്ള വൈദ്യുതിയുടെ മുഴുവൻ തുകയും അടപ്പിക്കണം.
കഴിഞ്ഞ സർക്കാർ കമ്പനിയുമായി ഒത്തുകളിച്ചതായി സംശയമുണ്ട്. കരാർ കാലാവധി കഴിഞ്ഞിട്ടും മണിയാറിൽ വൈദ്യുതി ഉത്പാദനം തുടരാൻ അനുവദിച്ചത് ദുരൂഹമാണ്. പൊതുസംവിധാനം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി അധികവിലയ്ക്ക് ഇപ്പോൾ വാങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
പ്രളയ കാരണവും അന്വേഷിക്കണം
റാന്നിയെ തകർത്ത മഹാപ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ പ്രത്യേക അന്വേഷണം വേണം. രണ്ട് മുൻ മന്ത്രിമാർ ഇക്കാര്യത്തിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചത് പൊതുസമൂഹം ശ്രവിച്ചതാണ്.
വനാതിർത്തിയിൽ ട്രഞ്ചുകൾ സ്ഥാപിക്കണം
മലയോര മേഖലകളിൽ വന്യമൃഗശല്യം പരിഹരിക്കാൻ വനമേഖലകളിൽ ട്രഞ്ച് കുഴിച്ച് പരിഹാരം കണ്ടെത്തണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കും. വന്യമൃഗശല്യം ഇന്നു നാടിനു തീരാശാപമായി മാറിയിരിക്കുകയാണ്.
പമ്പ കർമപദ്ധതി പുനരുജീവിപ്പിക്കും
പമ്പാനദിയുടെ പുനരുജീവനത്തിനു പദ്ധതികളുണ്ടാകണം. മണൽപ്പുറ്റുകൾ നദിയിലെ സുഗമമായ നീരൊഴുക്കിനു തടസം സൃഷ്ടിക്കുന്നുണ്ട്. പ്രളയകാലത്ത് അടിഞ്ഞു കൂടിയ ചെളിയും നദിയുടെ ഗതിയെ ബാധിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും.
പെരുന്തേനരുവി ടൂറിസം
പെരുന്തേനരുവി ടൂറിസം വികസനത്തിന്റെ പേരിൽ നടപ്പാക്കിയ പല പദ്ധതികളും പാളിപപോയി. അരുവിയിൽ വെള്ളം കുറഞ്ഞതാണ് സഞ്ചാരികളെ അകറ്റിയത്. ഇക്കാര്യങ്ങൾ പരിശോധിച്ച് പെരുന്തേനരുവിയുടെ ആകർഷണീയത കൂട്ടാനുള്ള പദ്ധതികൾ നടപ്പാക്കും.
കുട്ടികൾക്കും മുതിർന്നവർക്കും പദ്ധതികൾ
മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും കുട്ടികൾക്കും മുതിർന്നവർക്കുമായി കൂടുതൽ പ്രയോജനപ്രദമായ പദ്ധതികൾ നടപ്പാക്കും. വയോജനങ്ങൾക്കായി പഞ്ചായത്തുകളിൽ പകൽ വീടുകൾ ആരംഭിക്കും. എട്ടുവയസുവരെയുള്ള കുട്ടികളുടെ ആരോഗ്യ, മാനസിക വളർച്ചയ്ക്കും പദ്ധതികളുണ്ടാകും.
എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് മെറിറ്റ് അവാർഡുകൾ നൽകും. എൻആർഐ സഹകരണത്തോടെ മിനി അഗ്രോ ടെക്നോപാർക്ക് റാന്നിയിൽ സ്ഥാപിക്കും.
ജില്ലയ്ക്ക് മന്ത്രിയെ ലഭിച്ചിരുന്നെങ്കിൽ കൂടുതൽ പ്രയോജനം ലഭിക്കുമായിരുന്നു. മന്ത്രിസ്ഥാനം താൻ ആഗ്രഹിച്ചിട്ടില്ല. കെ.സി. വേണുഗോപാൽ കോൺഗ്രസിന്റെ ഉന്നത നേതാവാണ്. അനാവശ്യ കാരണങ്ങളുടെ പേരിൽ ചിലർ അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ അനുകൂലിച്ച് സംസാരിച്ചത്. ഇത് തനിക്കെതിരേ സൈബർ ആക്രമണത്തിന് ഇടയാക്കിയെന്നും പഴകുളം മധു പറഞ്ഞു.
മലയോര പട്ടയത്തിനു ശ്രമിക്കും
മലയോര മേഖലയിലെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. കർഷകർക്ക് ഉപാധിരഹിത പട്ടയമാണ് വേണ്ടത്. 2015-ൽ യുഡിഎഫ് സർക്കാർ നൽകിയ പട്ടയങ്ങൾ പിന്നീടുവന്ന എൽഡിഎഫ് സർക്കാർ റദ്ദാക്കിയെങ്കിലും 10 വർഷത്തിനിടെ ഇതു പുനഃസ്ഥാപിച്ചു നൽകിയിട്ടില്ല. റാന്നിയിലെ പട്ടയ പ്രശ്നങ്ങൾ പഠിച്ചു തീരുമാനങ്ങൾക്കായി ശ്രമിക്കും.
Tags : nattu vishesham Special consideration should be given