പ്രതീകാത്മക ചിത്രം
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ചുറ്റുമതിലുകൾ ഇല്ലാത്തതും വാര്‍ഡുകളില്‍ ജീവനക്കാരുടെ കുറവും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. മാനസികാരോഗ്യ കേന്ദ്രം ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രനും ബസന്ത് ബാലാജിയും സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നും ആയില്ല.
നാനൂറോളം അന്തേവാസികളാണ് മാനസികാരോഗ്യ കേന്ദ്രത്തിലുള്ളത്. എന്നാൽ, 20 സുരക്ഷാ ജീവനക്കാര്‍ വേണ്ടിടത്ത് വെറും നാല് ജീവനക്കാര്‍ മാത്രമാണുള്ളത്. ജോലി കൂടുതലും ശമ്പളം തുച്ഛവുമായതിനാൽ കൂടുതൽ പേരും ജോലി നിര്‍ത്തിപ്പോയി. വെല്ലുവിളി നിറഞ്ഞ ജോലിയായിട്ടും ദിവസം 700 രൂപ മാത്രമാണ് ശമ്പളം നൽകുന്നത്.
രോഗികൾ ചാടിപ്പോകുന്നതും തമ്മിൽ സംഘര്‍ഷമുണ്ടാകുന്നതും ഇവിടെ പതിവാണ്. സംഘര്‍ഷത്തിൽ ജീവനക്കാര്‍ക്ക് പരിക്കേറ്റ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പല വാര്‍ഡുകളിലും ഉൾക്കൊള്ളാനാകുന്നതിലധികം രോഗികളാണ് ഉള്ളത്. പുതുതായി നിര്‍മിച്ച കെട്ടിടത്തിൽ പല മുറികളിലും സീലിംഗ് ഫാൻ പോലുമില്ലാത്തതും ബുദ്ധിമുട്ടിലാക്കുകയാണ്.
ചൂട് ക്രമാതീതമായ സമയത്തുൾപ്പെടെ പുറത്തിറങ്ങാനാകാതെ രോഗികൾ വീര്‍പ്പുമുട്ടുകയായിരുന്നു. കഴിഞ്ഞ 17നാണ് ഹൈക്കോടതി ജസ്റ്റീസുമാർ കേന്ദ്രം സന്ദര്‍ശിച്ചത്. അന്തേവാസികളുടെയും ജീവനക്കാരുടെയും മനുഷ്യാവകാശങ്ങളും സുരക്ഷയും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം, വാർഡുകളുടെയും സെല്ലുകളുടെയും അവസ്ഥ എന്നിവയെല്ലാം വിലയിരുത്തിയിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Kuthiravattam