കൊട്ടാരക്കര ഇടിസി കിലയുടെ ഓഫീസിന് മുന്നിലെ തെരുവുനായ്ക്കൾ.
കൊട്ടാരക്കര: തെരുവുനായ്ക്കളുടെ ഭീഷണി വർധിക്കുമ്പോഴും ഇവയെ നിയന്ത്രിക്കുവാനുള്ള നടപടികൾ എങ്ങുമെത്തുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. നഗരസഭയുടെ മിക്ക പ്രദേശങ്ങളിലും തെരുവുനായ്ക്കൾ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു.
ടൗണിലെ സ്കൂൾ പരിസരങ്ങൾ, ഹോട്ടൽ പരിസരങ്ങൾ, താലൂക്ക് ആശുപത്രിപരിസരം, തുടങ്ങി തെരുവുനായ്ക്കളുടെ ശല്യവും ഉപദ്രവവും വർധിക്കുകയാണ്. കുട്ടികൾക്കും മറ്റു കാൽനടയാത്രക്കാർക്കും നടന്നു പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നിത്യവും ഇരുപതിലേറെപ്പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടി താലൂക്ക് ആശുപത്രിയിൽ എത്താറുണ്ട്. സ്വകാര്യ ആശുപത്രിയിൽ ഇതിലധികം പേർ എത്തുന്നുവെന്നാണ് കണക്ക്. ടൗണിലുള്ള മുൻസിപ്പൽ ഗ്രൗണ്ടിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ കാണപ്പെടാറുണ്ട്. പോലീസ് സ്റ്റേഷൻ പരിസരവും കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസര പ്രദേശങ്ങളും തെരുവുനായ്ക്കളുടെ ഭീഷണിയിലാണ്.
പടിഞ്ഞാറ്റിൻകര, ഉഗ്രൻ കുന്ന് പ്രദേശം, റെയിൽവേ ഓവർ ബ്രിഡ്ജ് പ്രദേശം, അമ്പലപ്പുറം, ആലും പാറ, കല്ലുവാതുക്കൽ ഇടിസി കില പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കൾ കൂട്ടത്തോടെ താവളമാക്കിയിരിക്കുകയാണ്. ടൗണിലെ കോഴി ഫാമുകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങളും ഭക്ഷണാവശിഷ്്ടങ്ങളും വലിച്ചെറിയുന്ന പ്രദേശങ്ങളിലാണ് തെരുവുനായ്ക്കൾ കൂടുതലായി കാണാറുള്ളത്. തെരുവുനായകളുടെ ഇടതടവില്ലാത്ത ആക്രമണ ത്തിൽ പകച്ചിരിക്കുകയാണ് കൊട്ടാരക്കര നഗരസഭ. രണ്ടു വർഷത്തിനുള്ളിൽ നൂറിലേറെപ്പേർക്കു ടൗണിൽ നായ്ക്കളുടെ കടിയേറ്റു. തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാൻ പദ്ധതി തയാറാക്കുമെന്നായിരുന്നു ആറു വർഷമായി നഗരസഭ അധികൃതർ നൽകുന്ന വിശദീകരണം.
കഴിഞ്ഞ രണ്ടുമൂന്നു ദിവസം കൊണ്ട് പതിനഞ്ചോളം പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റു. ഷെൽട്ടർ ഹോം സ്ഥാപിക്കുമെന്നും എബിസി പദ്ധതി കാര്യക്ഷമമായി നടപ്പാക്കുമെന്നും കൗൺസിൽ യോഗങ്ങളിൽ പതിവായി പറയാറുണ്ടെങ്കിലും ഇതുവരെയും കാര്യമായ പുരോഗതിയില്ല. ഷെൽട്ടർ ഹോം സ്ഥാപിക്കുന്നതിന് സ്ഥലം ലഭിക്കുന്നില്ലെന്നാണ് നഗരസഭ ഭരണ സമിതി പറയുന്നത്. പേവിഷ ബാധയുള്ള നായ്ക്കളെ കൊല്ലാമെന്ന ഉത്തരവും നടപ്പാക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടഞ്ഞാൽ ഒരു പരിധി വരെ തെരുവുനായ ശല്യത്തിന് തടയിടാൻ കഴിയും. എന്നാൽ ഹോട്ടലുകളിൽ നിന്നും ഇറച്ചികടകളിൽ നിന്നും ഉള്ള മാലിന്യങ്ങൾ പൊതു സ്ഥലത്ത് തള്ളുന്നത് പതിവായിരിക്കുകയാണ്.
യുവാവിന്റെ കാൽപ്പാദം കടിച്ചെടുത്തു
കൊട്ടാരക്കരയിൽ തൃക്കണ്ണമംഗലം സ്വദേശിയായ അനിൽകുമാർ (42)ന്റെ കാൽപ്പാദം നായ്ക്കൾ കടിച്ചെടുത്ു. കഴിഞ്ഞ രണ്ടിനു രാത്രി 10നാണ് തൃക്കണ്ണമംഗലം തൊണ്ടലിൽ വിളയിൽ വീട്ടിൽ അനിൽകുമാറിനെ തെരുവുനായ് ക്രൂരമായി ആക്രമിച്ചത്. തൃക്കണ്ണമംഗലം ജംഗ്ഷനിലുള്ള ബന്ധുവിന്റെ വീട്ടിൽ പോയി സ്വന്തം വീട്ടിലേക്ക് മടങ്ങും വഴി തിരുവിള ക്ഷേത്രത്തിന് സമീപം റോഡരികിൽ ബൈക്ക് നിറുത്തിയതായിരുന്നു അനിൽകുമാർ.
ഈ സമയം കുറ്റിക്കാട്ടിൽ ഒളിഞ്ഞിരുന്ന നായ കുരച്ചുകൊണ്ട് പാഞ്ഞടുക്കുകയും അനിൽകുമാറിനെ കടിച്ചുകീറുകയും ചെയ്യുകയായിരുന്നു. ക്രൂരമായ ആക്രമണത്തിൽ അനിൽകുമാറിന്റെ വലതു കാൽപ്പാദത്തിന്റെ ഒരു ഭാഗം നായ കടിച്ചെടുത്തു കൊണ്ടുപോയി. അനിൽകുമാറിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും നായ ഓടി രക്ഷപ്പെട്ടിരുന്നു.
ഈ നായ ഓടിപ്പോകുന്ന വഴിയിൽ പ്രദേശവാസികളായ മറ്റ് എട്ടുപേരെക്കൂടി കടിച്ചു.
പരിക്കേറ്റവരെല്ലാം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അനിൽകുമാറിന്റെ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവിടെ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും നടക്കാൻ പോലുമാകാത്ത അവസ്ഥയിലായ അനിൽകുമാറിനെ ഇപ്പോൾ വീണ്ടും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുറിവ് ഉണങ്ങിയാൽ പോലും മൂന്നുമാസത്തോളം പൂർണ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ആശാരിപ്പണി ചെയ്ത് ഒറ്റയ്ക്ക് കുടുംബം പുലർത്തിയിരുന്ന അനിൽകുമാറിനു ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥ യിലാണ്
13 കോഴികളെ കൊന്നു
പുനലൂർ : നെല്ലിപ്പള്ളി കല്ലാറ്റിൽ അക്രമകാരികളായ ഒരു കൂട്ടം നായ്ക്കൾ കാരണം ജനങ്ങൾ ഭീതിയിലാണ്.ഇവ കൂട്ടത്തോടെ എത്തി ഇതുവരെ പതിമൂന്നോളം കോഴികളെ കൊന്നു.
ഇപ്പോൾ കല്ലാർ സെന്റ് ജോർജ് ഭവനിൽ ഷിജു ജോസഫിന്റെ വീട്ടിലെ ഒന്നര വയസുള്ള പോമറേനിയൻ ഇനത്തിൽ പെട്ട നായയേയും കടിച്ചു തിന്നു. കൂട്ടത്തോടെ ആക്രമിക്കുന്ന രീതിയാണ് ഇവറ്റകൾക്കുള്ളത്.സ്കൂളുകൾ തുറന്ന സമയമായതുകൊണ്ട് കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ട അവസ്ഥയാണ്.
അധികൃതർ എത്രയും പെട്ടെന്ന് ആക്രമണ സ്വഭാവമുള്ള നായ്ക്കളെ പിടിച്ച് കൂട്ടിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യ പ്പെട്ടു.
Tags : Local News Nattuvishesham Kollam