ചേർത്തല: തെക്ക് പഞ്ചായത്തില്‍ തെരുവുനായ ശല്യം രൂക്ഷം. അമ്പതോളം നായ്ക്കളാണ് അരീപ്പറമ്പ് ഷാപ്പുകവലയ്ക്കും സുകൃതം കൺവൻഷൻ സെന്ററിനുമിടയിൽ കേന്ദ്രീകരിക്കുന്നത്. ചേർത്തല തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരവും നായയുടെ താവളമായി.
അരീപ്പറമ്പ് ജംഗ്ഷനു സമീപം കൂട്ടത്തോടെ തമ്പടിക്കുന്ന നായകൾ രാത്രി ആക്രമണകാരികളാകുന്നതായി നാട്ടുകാർ പറഞ്ഞു. കാർ ഉൾപ്പെടെ വാഹനങ്ങൾക്കു പിന്നാലെ കൂട്ടമായി കുരച്ച് ഓടുന്നത് പതിവായി. ഡ്രൈവർമാർ ഭയപ്പെട്ടാണ് അരീപ്പറമ്പ് കടക്കുന്നത്. അനുദിനം നായകളുടെ എണ്ണം വർധിക്കുകയാണ്. മറ്റിടങ്ങളിൽനിന്ന് പിടികൂടി വന്ധ്യകരണം നടത്തിയതിനുശേഷം അരീപ്പറമ്പിൽ ഇറക്കിവിടുന്നതാണ് എണ്ണം വർധിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
വിദ്യാർഥികൾ ഭയത്തോടെയാണ് സ്കൂളിലേക്ക് എത്തുന്നതും തിരിച്ചുപോകുന്നതും. നായശല്യം ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : Nattuvishesham District News