കണ്ണൂർ: വീട്ടിൽ നിന്ന് പുറത്തിറങ്ങിയ എൺപത്തിയഞ്ചുകാരിയെ തെരുവുനായ കടിച്ചു പറിച്ചു. താവക്കര പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ രേണുക രാമചന്ദ്രനാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ14ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. പറന്പിൽവീണ തേങ്ങയെടുക്കാൻ വീട്ടിൽ നിന്നിറങ്ങിയ രേണുകയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ നിലത്ത് വീണ രേണുകയുടെ മുഖത്താണ് കടിയേറ്റത്.
കടിച്ച നായയുടെ മുഖം ഇരുകൈകൾ കൊണ്ടു വിടർത്തി കടി വിടുവിച്ചതിനാലാണ് കടിയേറ്റ ഭാഗത്തെ മാംസം പറിഞ്ഞു പോകാതിരുന്നത്. നായയുമായുണ്ടായ മൽപിടിത്തത്തിനിടെ ഇവരുടെ വലതു കൈയുടെ വിരലിന് ഒടിവും സംഭവിച്ചിട്ടുണ്ട്.