കണ്ണൂര്: യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനിൽ കോൺഗ്രസും കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസിയും തമ്മിൽ കൊന്പുകോർക്കുന്നു. തട്ടുകടകൾ ഉൾപ്പടെയുള്ള വഴിയോര കച്ചവടക്കാർക്കെതിരെ കോർപറേഷൻ നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഐഎൻടിയുസി നടത്തിയ മാർച്ചുമായി ബന്ധപ്പെട്ടാണ് ഇരുവരും കൊന്പുകോർത്തിരിക്കുന്നത്.
മാർച്ച് ഉദ്ഘാടനം ചെയ്ത ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഡോ. ജോർജ് പ്ലാത്തോട്ടം മേയറെയും കോർപറേഷനെയും ഉദ്ഘാടന പ്രസംഗത്തിൽ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ വൃത്തിഹീനമായ തട്ടുകടകൾക്കെതിരെയുള്ള നടപടിയുമായി കോർപറേഷൻ മുന്നോട്ടുപോകുമെന്നും ഏത് ഐഎൻടിയുസി വന്നാലും പിന്നോട്ടില്ലെന്നുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഇന്നലെ മേയർ പി. ഇന്ദിര നൽകിയത്. ഐഎൻടിയുസി നടത്തിയത് പെയ്ഡ് സമരമാണെന്ന ഗുരുതരമായ ആരോപണവും മേയർ ഉന്നയിച്ചു.
ജില്ലയിലെ പല ഭാഗത്തും നിന്നുള്ളവരെ പണം നൽകിയാണ് സമരത്തിന് എത്തിച്ചത്. ഇക്കഴിഞ്ഞ പത്തു വർഷമായി ഈ പ്രസിഡന്റിനെ കണ്ടിട്ടുപോലുമില്ല. പാർട്ടി തന്നിൽ ഏല്പിച്ച ഉത്തരവാദിത്തം നടപ്പാക്കുക തന്നെ ചെയ്യും.
കൗൺസിൽ ഒന്നിച്ചെടുത്ത തീരുമാനമാണ് തട്ടുകൾക്കെതിരായ നടപടി. എല്ലാ തട്ടുകടകൾക്കും എതിരല്ല, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ഐഎൻടിയുസി ജില്ലാ പ്രസിഡന്റിന്റെ പ്രസംഗത്തിനെതിരെ പാർട്ടിക്ക് പരാതി നൽകുമെന്നും മേയർ പറഞ്ഞു.
അതിനിടെ ഐഎന്ടിയുസിയുടേത് നാണംകെട്ട നടപടിയാണെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തു വന്നു. ഐഎൻടിയുസി പണം വാങ്ങിയാണ് കോർപറേഷനെതിരെ സമരം നടത്തിയതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കായക്കൽ രാഹുൽ ആരോപിച്ചു.
Tags : Nattuvishesham District News