മാറാടി പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കള്ളുഷാപ്പ് പ്രവര്‍ത്തനമാരംഭിക്കുന്നതിനെതിരെ ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധിച്ചപ്പോൾ.
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കള്ളുഷാപ്പ് പ്രവര്ത്തനമാരംഭിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഷാപ്പില് കള്ള് അളക്കുന്നതിനായി ഉടമ എത്തിയതോടെ ഇന്നലെയും സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മാറാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ അവറാച്ചന് കോളനിയില്‍ കഴിഞ്ഞ ഒരുമാസമായി കള്ളുഷാപ്പ് ആരംഭിക്കുന്നതിനെതിരേ പ്രതിഷേധം തുടരുകയാണ്.
കള്ള് ഷാപ്പ് പ്രവര്‍ത്തനം ആരംഭിക്കാൻ ഹൈക്കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഉടമ സ്ഥലത്തെത്തിയത്. ജനവാസമേഖലയില്‍ ഷാപ്പ് ആരംഭിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജനപ്രതിനിധികളും സ്ത്രീകളും അടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രദേശത്തെ സമാധാനപരമായ അന്തരീക്ഷം കള്ളുഷാപ്പ് വരുന്നതോടെ തകരുമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായും ഷാപ്പ് ഉടമയുമായും ചര്‍ച്ച നടത്തി.
മാറാടി പഞ്ചായത്ത് ജനപ്രതിനിധികളും പ്രതിഷേധക്കാര്‍ക്ക് ഒപ്പമുണ്ടെന്നും തുടര്സമരപടികള്ക്കായി പഞ്ചായത്തില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരുമെന്നും ജില്ലാ പഞ്ചായത്തംഗം മാത്യുസ് വര്‍ക്കി പറഞ്ഞു. കോടതി വിധി നടപ്പാക്കാനെത്തിയ പോലീസിനെ തടഞ്ഞ പ്രതിഷേധക്കാരില്‍ കണ്ടാല്‍ അറിയാവുന്ന 50പേര്‍ക്കെതിരേ കേസെടുത്തു. വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷാന്റി ഏബ്രാഹാം പറഞ്ഞു.
Tags : Local News Nattuvishesham Ernakulam