പ്രതീകാത്മക ചിത്രം
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന് പണം ഈടാക്കാനുള്ള തീരുമാനം പൊതുവിദ്യാലയങ്ങളെ പ്രതിസന്ധിയിലാക്കി. ഇതുവരെ സ്കൂളുകള്‍ക്ക് സൗജന്യമായിരുന്ന കെ ഫോണ്‍ കണക്ഷന് സര്‍ക്കാരായിരുന്നു ബില്ല് അടച്ചിരുന്നത്. ഇനി സ്കൂളുകളോ തദ്ദേശ സ്ഥാപനങ്ങളോ പണമടയ്ക്കണം. ഇല്ലെങ്കില്‍ ഇന്റര്‍നെറ്റ് കട്ടാകുമെന്നാണ് അറിയിപ്പ്.
അത്യാവശ്യ കാര്യങ്ങള്‍ക്ക് അധ്യാപകരുടെ ഫോണിലെ ഇന്റര്‍നെറ്റാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. സര്‍ക്കാരിന്റെ കെ ഫോണ്‍ സൗജന്യമാണെന്ന് കരുതിയാണ് പല സ്കൂളുകളും കണക്ഷന് എടുത്തത്. ഇന്റര്‍നെറ്റിന്റെ സ്പീഡ് അനുസരിച്ച് വിവിധ പാക്കേജുകളില്‍ ഉള്‍പ്പെടുത്തിയാണ് കണക്ഷന് നല്കിയിരിക്കുന്നതെന്ന അറിയിപ്പ് പിന്നീടാണ് ലഭിച്ചത്.
ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങള്‍ക്ക് മാത്രമാണ് സൗജന്യ കണക്ഷനെന്ന് കെ ഫോണ്‍ അധികൃതര്‍ പറയുന്നു. ബില്ല് അടയ്ക്കാത്ത സ്കൂളുകള്‍ക്ക് കെ ഫോണ്‍ അധികൃതര്‍ കത്തു നല്‍കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് തുടരണമോ വേണ്ടയോ എന്നും ചോദിച്ചിട്ടുണ്ട്. പലരും മറുപടി നല്‍കിയിട്ടില്ല.
കണക്ഷന് ഉപേക്ഷിച്ചു
പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കെ.ഫോണ്‍ ഉപയോഗിച്ചതിന് ഇതിനകം പല സ്കൂളുകളിലും ബില്ല് ലഭിച്ചിട്ടുണ്ട്. പണം അടയ്ക്കാനില്ലാത്തതിനാല്‍ പലരും കെ ഫോണ്‍ കണക്ഷനുകള്‍ ഉപേക്ഷിച്ചു. സര്‍ക്കാര്‍ സ്കൂളുകളുടെ കെ ഫോണ്‍ കണക്ഷന് ബില്ല് അതത് തദ്ദേശ സ്ഥാപനങ്ങള്‍ അടയ്ക്കണമെന്നാണ് പുതിയ നിര്‍ദേശം. നിലവില്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ അടയ്ക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ബില്ല് കൂടി ഏറ്റെടുക്കാനാവില്ലെന്ന് പഞ്ചായത്തുകള്‍ സ്കൂള്‍ അധികൃതരെ അറിയിച്ചതിനാലാണ് കെ ഫോണ്‍ ഉപേക്ഷിക്കുന്നത്. എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാധ്യാപകര്‍ തന്നെ ബില്ല് അടയ്ക്കേണ്ടിവരും. ഇക്കാരണത്താല്‍ അവര്‍ കെ ഫോണ്‍ വേണ്ടെന്നുവയ്ക്കുകയാണ്.
5,109 കെ ഫോണ്‍ കണക്ഷനുകളാണ് ജില്ലയില്‍ നല്‍കിയിരുന്നത്. ഇതില്‍ 207 കണക്ഷനുകള്‍ സ്കൂള്‍ക്കാണ്. മറ്റു സ്കൂളുകളില്‍ കണക്ഷന് നല്കാന് പ്രാഥമിക നടപടികള്‍ നടത്തിയെങ്കിലും പിന്നീട് ആരുമെത്തിയില്ല. എന്തായാലും കണക്ഷന് ലഭിക്കാത്തത് നന്നായി എന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ സ്കൂള്‍ അധികൃതർ.
Tags : NattuVishasham DistrictNews