ശ്രീകൃഷ്ണപുരം: ലഹരിവിരുദ്ധ ബോധവത്കരണദിനത്തിൽ പുതിയ ലഹരികൾ അവതരിപ്പിച്ച് സെന്റ് ഡൊമിനിക്സ് സ്കൂൾ വിസ്മയമായി. നാടുനീളെ ലഹരിവേട്ട നടക്കുകയും പുതിയ തലമുറയെ ലഹരിയിലേക്ക് ആകർഷിക്കുകയും ചെയ്യുന്ന കഴുകൻ കണ്ണുകൾ ചുറ്റുമുള്ളപ്പോൾ സ്കൂൾ ജീവിതം തന്നെ ലഹരിയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാർഥികൾ.
സ്കൂൾ കോന്പൗണ്ടിൽ നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശറാലിയിൽ നൂറുകണക്കിനു വിദ്യാർഥികൾ കണ്ണിചേർന്നു. സീനിയർ പോലീസ് ഓഫീസർ രാജാകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്ത റാലി ശ്രീകൃഷ്ണപുരം പഞ്ചായത്ത് ഓഫീസ് വഴി സ്കൂളിലെത്തി.
രാവിലെ വിദ്യാർഥികൾക്കു വേണ്ടി സംഘടിപ്പിച്ച ബോധവത്കരണ സെമിനാറിൽ രാജാകൃഷ്ണൻ ക്ലാസെടുത്തു.
പഞ്ചായത്ത് അംഗം ദ്വാരകനാഥൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാൻ റാലിയിൽ ഒപ്പം ചേർന്നു. പഠനം, കായിക വിനോദങ്ങളും വായനയും നല്ല സ്വപ്നങ്ങളും ഞങ്ങളുടെ ലഹരിയെന്നു പ്രഖ്യാപിക്കുന്ന ചിത്രങ്ങളും മോഡലുകളും റാലിയിൽ വിദ്യാർഥികൾ പ്രദർശിപ്പിച്ചു. മുപ്പതോളം വിദ്യാർഥികളുടെ ടീം രൂപീകരിച്ച് എല്ലാ ക്ലാസിലും ജീവിതം ലഹരി, പഠനം ലഹരി എന്ന സന്ദേശമെത്തിക്കുന്നതിനുള്ള ഓറിയന്റേഷൻ പ്രോഗ്രാമിനും ഇന്നലെ സ്കൂളിൽ തുടക്കമായി.
Tags : Students of St. Dominic's Nattuvishesham Districte news