വാനരശല്യത്തില്നിന്നു കൃഷിയിടത്തെ രക്ഷിക്കാന്‍ സുബ്രഹ്മണ്യന് തയാറാക്കിയ ശബ്ദമുണ്ടാക്കുന്ന പാവകള്‍.
മൂന്നാര്‍: വാനരന്മാരുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയ സുബ്രഹ്മണ്യന് ഒടുവില്‍ അവയുടെ ശല്യത്തില്‍നിന്നു രക്ഷനേടാന്‍ പൊടിക്കൈയുമായി രംഗത്തെത്തി. കൃഷിയിടത്തില്‍ സ്ഥാപിച്ച പാവകള്‍ കൈയും കാലും ചലിപ്പിച്ച് ശബ്ദമുണ്ടാക്കുമ്പോള്‍ വാനരന്മാര് കൃഷിയിടത്തില്‍നിന്നു ജീവനും കൊണ്ടോടും. പാവകള്‍ തങ്ങളെ ആക്രമിക്കാന്‍ വരികയാണെന്നു കരുതിയാണ് കുരങ്ങന്മാര് ഓടിമറയുന്നത്. വട്ടവട കോവിലൂര്‍ സ്വദേശി കീഴ്വീട് കെ.കെ. സുബ്രഹ്മണ്യന്റെ കൃഷിയിടത്തിലാണ് പുതിയ പരീക്ഷണം നടത്തിയത്.
പാവപ്രയോഗം ഫലം കണ്ടതോടെ മറ്റു കര്‍ഷകരും ഈ പാത പിന്തുടരാന് തുടങ്ങി. കൃഷിയിടത്തില്‍ സ്ഥാപിച്ചിട്ടുള്ള പാവകള്‍ ചലിക്കുന്നതും ബഹളമുണ്ടാക്കുന്നതും സാങ്കേതികവിദ്യയുടെ സഹായത്തോടെയല്ല. ഇതിന്റെ നിയന്ത്രണം കൃഷിയിടത്തില്‍നിന്ന് അകലെയുള്ള വീട്ടില്‍നിന്നാണ് പാവകളുമായി ബന്ധിപ്പിച്ചിട്ടുള്ള റോപ്പ് ചലിപ്പിക്കുന്നത്. പാവയുടെ കൈയിലുള്ള കിലുക്കമാണ് ഒച്ചവയ്ക്കാന്‍ സഹായിക്കുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് അടുത്ത പുരയിടത്തില്‍ നിര്‍മിക്കുന്ന സിപ് ലൈനാണ് ഇത്തരമൊരു ആശയം നടപ്പാക്കാന്‍ സുബ്രഹ്മണ്യന് പ്രചോദനമായത്. വാനരന്മാര് എത്തുമ്പോള്‍ വീട്ടില്നിന്നെത്തി ഇവയെ ഓടിക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് പുതിയ വിദ്യ നടപ്പാക്കിയത്.
വിളകള്‍ നശിപ്പിക്കുന്ന പക്ഷികളെ ഓടിക്കാനുമുള്ള വിദ്യയും സുബ്രഹ്മണ്യന്റെ പക്കലുണ്ട്. ഒരു മനുഷ്യന് തോട്ടത്തില്‍ ഇരിക്കുന്ന വിധത്തിലുള്ളതും മയിലിന്റെ പ്രതിമകള്‍ നിര്‍മിച്ചുമാണ് ഇതിന് ഫലപ്രദമായ പരിഹാരം കണ്ടെത്തിയിരിക്കുന്നത്.