പുതുശേരിയിലെ ചാക്യത്ത് ചാക്കോയുടെ കീഴൂരിലെ വാഴത്തോട്ടത്തിൽ നിലംപൊത്തിയ കുലച്ച നേന്ത്രവാഴകൾ
ഇരിട്ടി: ഇടിമിന്നലോടുകൂടിയ വേനൽമഴയ്ക്കൊപ്പം ഉണ്ടായ ചുഴിലിക്കാറ്റിൽ ഇരിട്ടി ഉൾപ്പെടെ മലയോരത്ത് വ്യാപക നാശം. ഏഴു വീടുകൾ ഭാഗികമായി തകർന്നു. ലക്ഷങ്ങളുടെ കൃഷിനാശം സംഭവിച്ചു. മരം കടപുഴകി വീണും ചുഴലിക്കാറ്റിൽ മേൽക്കൂരകൾ പറന്നുപോയുമാണ് വീടുകൾക്ക് നാശനഷ്ടമുണ്ടായത്. ഇരിട്ടി നഗരസഭ, പായം, ആറളം, ഉളിക്കൽ പഞ്ചായത്തുകളിലുമാണ് കനത്ത നാശനഷ്ടം ഉണ്ടായത്. നിരവധി സ്ഥലങ്ങളിൽ റബർ, തെങ്ങ്, കവുങ്ങ് എന്നിവയടക്കമുള്ള മരങ്ങൾ പൊട്ടി വീണു. വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 2. 30 ഓടെയാണ് മഴയും ചുഴലിക്കാറ്റും വീശിയടിച്ചത്.
പായം കരിയാലിലെ ബിനോയ് ഇലവുങ്കലിന്റെ ആസ്ബസ്റ്റോസ് ഷീറ്റിട്ട വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടിൽ ബിനോയിയും ഭാര്യ സിനുവും രണ്ട് മക്കളും ഉണ്ടായിരുന്നുവെങ്കിലും പരിക്കാൽക്കാതെ രക്ഷപ്പെട്ടു. വീട്ടിലുള്ളവർ കട്ടിലിനടിയിലേക്ക് കിടന്നതിനലാണ് മേൽക്കുരയുടെ അവശിഷ്ടങ്ങൾ ശരീരത്തിൽ വീഴാതെ രക്ഷപ്പെട്ടത്. കാറ്റ് ശമിച്ചതോടെ ഇവർ സമീപത്തെ വീട്ടിലേക്ക് മാറുകയായിരുന്നു. കഴിഞ്ഞവർഷവും ഏപ്രിൽ മാസത്തിൽ ആഞ്ഞുവീശിയ കാറ്റിലും ഇവരുടെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നിരുന്നു.
അന്ന് ബന്ധപ്പെട്ട അധികൃതരെല്ലാം സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും നഷ്ടപരിഹാരമൊന്നും ലഭിച്ചില്ലെന്ന് വീട്ടുകാർ പറഞ്ഞു. വട്ട്യറയിലെ പുതിയവീട്ടിൽ സരിത, കോറമുക്ക് മരമിലിന് സമീപമുള്ള എം.ആർ. വിജയൻ എന്നിവരുടെ വീടുകളും മരങ്ങൾ വീണ് ഭാഗികമായി തർന്നു. തൊട്ടടുത്തുള്ള ഷിജു കുളംപ്പള്ളിയുടെ വീടിന്റെ മുകളിൽ മരം വീണ് അടുക്കള ഭാഗം തകർന്നു. ആറളം കൊടുവളത്തെ തുമ്പത്ത് രതീഷിന്റെ വീടിനു മുകളിലെ ആസ്ബസ്റ്റോസ് ഷീറ്റും തകർന്നു. വീട്ടുകാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആറളം, ഉളിക്കൽ പഞ്ചായത്തുകളിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരം പൊട്ടിവീണാണ് നാശനഷ്ടമുണ്ടായത്.
ആറളം പഞ്ചായത്തിലെ എടൂരിൽ തോണക്കര ജോർജിന്റെ വീടിനു മുകളിൽ സമീപത്തെ മാവ് പൊട്ടി വീണ് മേൽക്കുര തകർന്നു. മേൽക്കൂരയ്ക്ക് താഴെയായി മച്ച് ഉള്ളതിനാലാണ് വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഉളിക്കൽ പഞ്ചായത്തിലെ അറബി കുന്നേൽപടിയിൽ തറപ്പിൽ ശശിധരന്റെ വീടിനു മുകളിലേക്ക് തെങ്ങ് പൊട്ടിവീണു. കല്ലു മുട്ടിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ബോർഡ് ശക്തമായ കാറ്റിൽ തകർന്നു വീണു. ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഹോട്ടൽ അധികൃതർ പറഞ്ഞു.
പായത്തെ ഇ. സതീശന്റെ കുലച്ച 300 ഓളം നേന്ത്ര വാഴകൾ കാറ്റിൽ നിലംപൊത്തി. കഴിഞ്ഞവർഷവും സതീശന്റെ വാഴകൾ നശിച്ചിരുന്നു. പായം സ്കൂളിന് സമയമുള്ള കുറ്റിയാടൻ ഉത്തമന്റെ കുലച്ച നൂറോളം നേന്ത്രവാഴകളും നശിച്ചു. പായം കാടമുണ്ടയിലെ അളോറ വിനോദിനിയുടെ 150 ഓളം കുലച്ച നേന്ത്രവാഴകളും കപ്പയും നശിച്ചു. നുച്ചിയാട് കുന്നിലെ പുരുഷോത്തമന്റെ കാടമുണ്ടയിലെ കപ്പത്തോട്ടവും നശിച്ചു. ഏച്ചില്ലത്തെ അഖിലേഷ് നമ്പൂതിരിയുടെ കാടമുണ്ടയിൽ കൃഷി ചെയ്തിരുന്ന നൂറോളം വാഴകളും നിലം പൊത്തി.
കൂത്തുപറമ്പ്: കാറ്റിലും മഴയിലും ചെറുവാഞ്ചേരി മേഖലയിൽ വ്യാപക കൃഷിനാശം. ചെറുവാഞ്ചേരി, പൂവത്തൂർപാലം, മീൻമുട്ടി, പയ്യാംവയൽ ഭാഗങ്ങളിലാണു കൃഷിനാശം ഉണ്ടായത്. വ്യാഴാഴ്ച രാത്രി ഉണ്ടായ വേനൽമഴയിലും ചുഴലിക്കാറ്റിലും പ്രദേശത്തെ ആയിരക്കണക്കിന് കുലച്ചതും കുലച്ചുവരുന്നതുമായ നേന്ത്രവാഴകൾ നശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
നാരായണി എക്കാൽ, വാസു കുമ്പളപ്രവൻ, രാജു എക്കാൽ, സി.കെ. ദാമോദരൻ, അശോകൻ പറമ്പൻ, വാസു കുട്ടാമ്പള്ളി, സഹദേവൻ മാടപ്പള്ളി, ശാന്ത മുല്ലോളി, ടി. കുഞ്ഞാൻ, ചന്തു പാലോളി, ടി.കെ. രമേശൻ, മുരളി തുടങ്ങിയവരുടെ വാഴകളാണു നശിച്ചത്.
വിവരമറിഞ്ഞ് കെ.പി. മോഹനൻ എംഎൽഎ സ്ഥലം സന്ദർശിച്ചു. കൃഷി ഓഫീസറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.
എന്തുചെയ്യണം എന്നറിയാതെ
വാഴക്കർഷകനായ ചാക്കോ
ഇരിട്ടി നഗരസഭയിലെ കീഴൂരിൽ സ്ഥലം പാട്ടത്തിനെടുത്ത് വാഴ കൃഷി നടത്തിയ പുതുശേരിയിലെ ചാക്യത്ത് ചാക്കോയുടെ നേന്ത്രവാഴത്തോട്ടം പൂർണമായും നശിച്ചു. 300 ഓളം കുലച്ച നേന്ത്രവാഴകൾ കാറ്റിൽ നിലംപൊത്തി. 1000ത്തോളം വാഴയാണ് കൃഷിചെയ്തിരുന്നത്. 30,000 ത്തോളം നൽകിയാണ് സ്ഥലം പാട്ടത്തിനെടുത്തിരുന്നത്. 50,000രൂപ ബാങ്കിൽനിന്ന് ലോണെടുത്താണ് കൃഷി നടത്തിയത്. പണമില്ലാഞ്ഞതിനാൽ കൃഷി ഇൻഷ്വർ ചെയ്തിരുന്നില്ല. കൃഷി ഭവനിൽ പരാതി നൽകിയിട്ടുണ്ട്. അധികൃതർ കനിഞ്ഞാൽ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്നാണ് ചാക്കോ പറയുന്നത്.
Tags : Summer rains nattuvishesham local news