സ്വദേശാഭിമാനി പാർക്ക്
നെയ്യാറ്റിന്‍കര: തുരുന്പെടുത്തതും പൊട്ടിയതുമായ ഉപകരണങ്ങള്‍. നോക്കുകുത്തികളായ വെളിച്ചത്തൂണുകള്‍. സായാഹ്നങ്ങളില്‍ നിരവധി കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായിരുന്ന നെയ്യാറ്റിന്‍കര സ്വദേശാഭിമാനി പാര്‍ക്ക് നഗരസഭയുടെ അവഗണനയുടെ അടയാളം.
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്‍വശത്ത് വൃത്താകൃതിയില്‍ നിര്‍മിച്ച പാര്‍ക്ക് നഗരസഭയുടെ ശ്രദ്ധേയ പദ്ധതികളിലൊന്നായിരുന്നു. കരമന- കളിയിക്കാവിള പാത പാര്‍ക്കിനു തൊട്ടുമുന്നില്‍ രണ്ടായി പിരിഞ്ഞ് തൊട്ടപ്പുറത്ത് വീണ്ടും സംഗമിക്കുന്ന വിധത്തിലാണ് ഈ മനോഹരമായ പാര്‍ക്ക് വിഭാവനം ചെയ്തത്. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ അര്‍ധകായ പ്രതിമ, സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയ ഏടായ നെയ്യാറ്റിന്‍കര വെടിവെയ്പിലെ ധീരരക്തസാക്ഷികളുടെ സ്മരണാര്‍ഥമുള്ള സ്മാരകം എന്നിവയും പാര്‍ക്കിന്റെ അതിരുകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്നു.
സ്വദേശാഭിമാനിയുടെ നാടുകടത്തല്‍, നെയ്യാറ്റിന്‍കര വെടിവെയ്പ് വാര്‍ഷികദിനം മുതലായ സന്ദര്‍ഭങ്ങളില്‍ നഗരസഭയും വിവിധ സംഘടനകളും ഇവിടെ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടികളും നടത്താറുമുണ്ട്. സായാഹ്നങ്ങളില്‍ കുട്ടികളോടും കുടുംബാംഗങ്ങളോടുമൊപ്പം ചെലവഴിക്കാന്‍ പാതയോരത്തെ പാര്‍ക്കില്‍ മുന്‍പ് ഒട്ടേറെ പേര് വന്നിരുന്നു. സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത് നഗരസഭ മുന്‍പ് പാര്‍ക്കിന്റെ ഉള്‍ഭാഗം ഡിസൈന്‍ ചെയ്ത് തറയോട് പാകുകയും ജലധാര യന്ത്രവും കുട്ടികള്‍ക്ക് കളിക്കാനുള്ള മാജിക് കേവ് മുതലായ ഉപകരണങ്ങളും സ്ഥാപിക്കുകയുമുണ്ടായി.
പാര്ക്കിന് ചുറ്റുവേലിയും കവാടവും നിര്‍മിച്ചു. എന്നാൽ വേലി അങ്ങിങ്ങായി വാഹനങ്ങള്‍ ഇടിച്ചു തകര്‍ന്നു. ഉപകരണങ്ങളും ജലധാരാ യന്ത്രവുമൊക്കെ ശരിയായ പരിപാലനമില്ലാതെ നശിച്ചു. നിലവിൽ നഗരമധ്യത്തില്‍ ആര്‍ക്കും വേണ്ടാത്ത ഒന്നായി പാർക്ക് മാറിയിരിക്കുകയാണ്. അടിയന്തരമായി പാര്‍ക്ക് നവീകരിച്ച് പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ മാറ്റുകയും യഥാവിധി പരിപാലിച്ച് സംരക്ഷിക്കാനുതകുന്ന നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews Swadeshabhimani Park