പ്രതീകാത്മക ചിത്രം
വിഴിഞ്ഞം :തിരയടിയിൽ തകർന്ന വള്ളത്തിൽ പിടിച്ച് കിടന്ന് രക്ഷക്കായി യാചിച്ച മൂന്ന് പേരുടെ ജീവൻ രക്ഷിച്ചത് തമിഴ്നാട് ട്രോളർ ബോട്ടായിരുന്നു. കാറ്റും കോളും കൊണ്ട് പ്രക്ഷുബ്ദമായ കടലിന്റെ പിടിയിൽ നിന്ന് കൊച്ചു തോപ്പ് സ്വദേശികളായ ജോയി മാർക്കോസ്, റെക്സി, അഖിൽ എന്നിവർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.
ജോയി മാർക്കോസിന്റെ മകൻ വെട്ടുകാട് സ്വദേശി അരുണിന്റെ മേരിമാതാ എന്ന ബോട്ടിലാണ് മൂവർ സംഘം ഉൾക്കടൽ ലക്ഷ്യമാക്കി യാത്ര തിരിച്ചത്. രാത്രി പതിനൊന്ന് മണിയോടെ വീശിയടിച്ചകറ്റിലും ശക്തമായ തിരയടിയിലും വള്ളം മറിഞ്ഞു. വെള്ളത്തിൽ തെറിച്ച് വീണവർ കമിഴ്ന്ന് കിടന്ന വള്ളത്തിൽ പിടിമുറുക്കി.
കുറ്റാക്കൂരിരുട്ടിൽ ലക്ഷ്യമില്ലാതെ വിജനമായ കടലിൽ ഒഴുകുന്ന വള്ളത്തിൽ നിന്ന് രക്ഷക്കായി ആരെങ്കിലും വരുമെന്നുള്ള പ്രതീക്ഷയും ഒരു വേളയിൽ ഇല്ലാതായി. രക്ഷയ്ക്കായുള്ള ഇവരുടെ നിലവിളി കുറച്ചകലെ കൂടി പോവുകയായിരുന്ന തമിഴ്നാട് ബോട്ടുകാർ കേട്ടത് ഭാഗ്യമായി.
ബോട്ടടുപ്പിച്ച മത്സ്യത്തൊഴിലാളികൾ അവശരായ മൂന്ന് പേരെയും രക്ഷപ്പെടുത്തി ബോട്ടിൽ കയറ്റി. വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് എത്തിയ അധികൃതർ ഏറ്റുവാങ്ങിയ ഇവരെ വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്സക്കായി മൂന്ന് പേരെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി.