ഇരിങ്ങാലക്കുട: ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയില്‍ നടത്തിയ താത്കാലിക നിയമനങ്ങള്‍ മരവിപ്പിച്ചത് തിരിച്ചടിയായത് കെഎസ്ആര്‍ടിസി യുടെ പ്രിയദര്‍ശിനി സര്‍വീസുകള്‍ക്ക്.
ജീവനക്കാരുടെ കുറവുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളിലും ഓപ്പറേറ്റിംഗ് സെന്ററുകളിലുമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്നു താത്കാലിക ജീവനക്കാരെ കഴിഞ്ഞയാഴ്ച നിയമിച്ചത്. ഇതനുസരിച്ച് ഇരിങ്ങാലക്കുടയിൽ എട്ടുപേരാണ് കൂടുതലായി ജോലിക്കെത്തിയത്. വണ്ടികള്‍ ഉണ്ടെങ്കിലും ജീവനക്കാരുടെ കുറവ് നേരിട്ടിരുന്ന സെന്ററുകള്‍ക്ക് നടപടി ആശ്വാസവുമായി. ഇരിങ്ങാലക്കുട സെന്ററില്‍ കൂടുതല്‍ ജീവനക്കാരെവച്ച് സ്ത്രീകള്‍ക്ക് യാത്രാസൗജന്യം നല്കുന്ന എട്ട് സര്‍വീസുകള്‍വരെ നിരത്തിലിറക്കാന്‍ കഴിഞ്ഞു.
എന്നാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നേരത്തെ തയാറാക്കിയിട്ടുള്ള ലിസ്റ്റില്‍ ന്യൂനതകളുണ്ടെന്നും ഇവ പരിഹരിച്ചുമാത്രം താത്കാലിക നിയമനങ്ങള്‍ നടത്തിയാല്‍ മതിയെന്നും കെഎസ്ആര്‍ടിസി മാനേജ്മെന്റില്‍നിന്നു വാക്കാല്‍ നിര്‍ദേശം വന്നതോടെ അധികമായി ആരംഭിച്ച നാല് സര്‍വീസുകളെയാണ് ബാധിച്ചത്. എറണാകുളം, ഗുരുവായൂര്‍, ഗ്രാമവണ്ടി, മെഡിക്കല്‍ കോളജ് എന്നീ പ്രിയദര്‍ശിനി സര്‍വീസുകളാണ് ഇപ്പോള്‍ ഇരിങ്ങാലക്കുട സെന്ററില്‍നിന്നു നടത്തുന്നത്. കൂടുതല്‍ ജീവനക്കാരെ ലഭിച്ചതോടെ അധികമായി ആരംഭിച്ച എറണാകുളം, ഗുരുവായൂര്‍, ആലുവ, ചോറ്റാനിക്കര പ്രിയദര്‍ശിനി സര്‍വീസുകള്‍ മുടങ്ങി.
Tags : Nattuvishesham District News