കോതമംഗലം: തങ്കളം-കാക്കനാട് നാലുവരി പാതയുടെ ഡിപിആർ പോലും തയാറാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കോതമംഗലം നിയോജകമണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം-കാക്കനാട് നാലുവരി പാതയുടെ നിർമാണത്തിലെ കാലതാമസത്തെക്കുറിച്ച് നിയമസഭയിൽ ഷിബു തെക്കുംപുറം എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പഴയ അലൈൻമെന്റ് നിലനിർത്തി ഭൂമിയേറ്റെടുപ്പ് വേഗത്തിലാക്കി പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
2016-ൽ കിഫ്ബി വഴി 30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി പത്തുവർഷം പിന്നിട്ടിട്ടും ഡിപിആർ പോലും തയാറായിട്ടില്ലെന്നും, ഇതിനിടെ അലൈൻമെന്റും ഡിസൈനും മാറ്റുന്നതിന്റെ പേരിൽ പദ്ധതി നീണ്ടുപോയതായും എംഎൽഎ ചൂണ്ടിക്കാട്ടി.
കിഫ്ബി പദ്ധതികൾ അനിശ്ചിതമായി വൈകുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ഈ പാതക്ക് ഡിപിആർ പോലും എടുത്തിട്ടില്ലെന്നത് മുഖ്യമന്ത്രി സഭയിൽ മുൻ പൊതുമരാമത്ത്മന്ത്രിമാരുടെ സാന്നിധ്യത്തിൽ വ്യക്തമാക്കി. 2016ൽ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ എസ്റ്റിമേറ്റ് പിന്നീട് 255 കോടിയായി ഉയർന്നതിനെ തുടർന്ന് പുനഃപരിശോധന ആവശ്യമായി വന്നു.
ഇതിനിടെ അലൈൻമെന്റ് മാറ്റുന്നതിനുള്ള നിർദേശവും പുതിയ ഡിസൈൻ തയാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചെങ്കിലും അത് പ്രായോഗികമല്ലെന്ന് കിഫ്ബി വിലയിരുത്തിയതോടെ വീണ്ടും മാറ്റങ്ങൾ പരിഗണിക്കേണ്ട സാഹചര്യമുണ്ടായതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പത്തു വർഷം കഴിഞ്ഞിട്ടും പദ്ധതിയുടെ ഡിപിആർ തയാറാകാത്തത് ഗൗരവത്തോടെ പരിശോധിക്കുമെന്നും, കാലതാമസത്തിനുള്ള കാരണങ്ങൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയതായി എംഎൽഎ അറിയിച്ചു.
Tags : Local News Nattuvishesham Ernakulam