കല്‍പ്പറ്റ: ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അധികം സീറ്റും ഗോത്രമേഖയിലെ വിദ്യാലയങ്ങളില്‍ കൂടുതല്‍ ബാച്ചും അനുവദിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്, ആദിശക്തി സമ്മര്‍ സ്കൂള്‍ ഭാരവാഹികളായ മേരി ലിഡിയ, സതിശ്രീ ദ്രാവിഡ്, സൂര്യലക്ഷ്മി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്ലസ് വണ്‍ കൂടുതല്‍ സീറ്റ് അനുവദിക്കുന്നതില്‍ ജില്ലയെ അവഗണിച്ചു. ഉത്തര മലബാറിലെ സീറ്റ് കുറവ് പരിഗണിച്ച് നാല് ജില്ലകള്‍ക്ക് അധികം സീറ്റും ബാച്ചും നിര്‍ദേശിച്ചെങ്കിലും വയനാടിനെ ഒഴിവാക്കി. യഥാര്‍ഥത്തില്‍ ജില്ലയിലാണ് കൂടുതല്‍ സീറ്റ് ആവശ്യം. ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച 12,000ല്‍പരം കുട്ടികളില്‍ 8,831 പേര്‍ക്കാണ് ഒന്ന്, രണ്ട് അലോട്ട്മെന്റുകളില്‍ സീറ്റ് അനുവദിച്ചത്. പട്ടികവര്‍ഗ വിഭാഗത്തില്‍ 700 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ഗോത്രവിഭാഗങ്ങളില്നിന്നു മാത്രം ആയിരത്തിലധികം കുട്ടികള്‍ക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യമാണ്.
മുമ്പ് ആദിവാസി വിദ്യാര്‍ഥികള്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിനുശേഷം കൊണ്ടുവന്ന സ്പോട്ട് അലോട്ട്മെന്റ് ഗുണകരമായില്ല. അവസാനഘട്ട അലോട്ട്മെന്റില്‍ കുട്ടികള്‍ക്ക് വീടിന് വളരെ അകലെയുള്ള സ്ഥാപനങ്ങളിലും താത്പര്യമില്ലാത്ത കോഴ്സുകളിലുമാണ് പ്രവേശനം ലഭിച്ചത്. ഇങ്ങനെ പ്ലസ് വണ്‍ പഠനത്തിന് എത്തിയതില്‍ അധികവും കൊഴിഞ്ഞുപോയി. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ കൂടുതല്‍ എത്തുന്ന സ്കൂളുകളില്‍ അധികം ബാച്ചുകള്‍ അനുവദിച്ചാല്‍ ഈ സ്ഥിതി ഒഴിവാകും.
മെന്റര്‍ ടീച്ചര്‍ നിയമനം പ്രഖ്യാപിത ലക്ഷ്യം നേടാന്‍ ഉതകുന്ന വിധത്തിലാകണം. പ്രത്യേക വിഭാഗം കുട്ടികള്‍ കൂടുതലുള്ള വിദ്യാലയങ്ങളില്‍ അതേ വിഭാഗത്തില്‍പ്പെട്ടവരെ അധ്യാപകരാക്കണം. ഉദ്യോഗാര്‍ഥികളില്‍ ബിഎഡ്, ഡിഎല്‍എഡ് യോഗ്യതയുള്ളവര്‍ ഇല്ലെങ്കില്‍ അതത് സമുദായത്തിലെ ഡിഗ്രി, പിജി, പ്ലസ് ടു യോഗ്യതയുള്ളവരെ നിയമിക്കുകയും പരിശീലനം നല്‍കുകയും ചെയ്യണം. ജില്ലയില്‍ പണിയ വിഭാഗത്തിലെ 164 പേര്‍ക്ക് മെന്റര്‍ ടീച്ചര്‍ നിയമനം ലഭിക്കേണ്ടതുണ്ട്.
ഇത്രയും ഒഴിവുകളില്‍ ഇതേ വിഭാഗത്തിലുള്ളവര്‍ക്ക് നിയമനം ഉറപ്പുവരുത്തണം. മെന്റര്‍ ടീച്ചര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്ക് ആദിശക്തി സമ്മര്‍ സ്കൂള്‍ സംഘടിപ്പിച്ച എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ പരിശീലനം വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം വരെ ബത്തേരി അധ്യാപക ഭവനില്‍ നടക്കുമെന്നു അവര്‍ അറിയിച്ചു.
Tags : Local News Nattuvishesham Wayanad