പുല്‍പ്പള്ളി: ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ നിരവധി തവണ സബ്മിഷനുകളും കത്തുകളും നല്‍കിയിട്ടും വിഷയത്തില്‍ നിര്‍ണായക നടപടികളോ വ്യക്തമായ മറുപടിയോ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
1930ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ ആശുപത്രി 1995ലാണ് സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയായി ഏറ്റെടുത്തത്. ജില്ലയില്‍ ഗവ. മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ജില്ലയ്ക്ക് പ്രത്യേക ജില്ലാ ആശുപത്രിയില്ലാത്തത് വലിയ പോരായ്മയാണെന്നും ജില്ലാ ആശുപത്രിയായി ഉയരാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിലവിലുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി. ആശുപത്രിയില്‍ 200ലധികം രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുണ്ട്.
പ്രതിമാസം 300ലധികം പോസ്റ്റ്മോര്ട്ടങ്ങളും ഇവിടെ നടക്കുന്നു. ഹൈടെക് മോര്‍ച്ചറി, ബ്ലഡ് ബാങ്ക്, ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബ്, അമ്മയും കുഞ്ഞും ആശുപത്രി, ഡയാലിസിസ് യൂണിറ്റ്, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്നിവ ഉള്‍പ്പെടെ ആധുനിക ചികിത്സാ സംവിധാനങ്ങളും ആശുപത്രിയില്‍ സജ്ജമാണ്.
ആശുപത്രിയില്‍ ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം നിലനില്‍ക്കുന്നുണ്ടെന്നും എംഎല്‍എ സഭയില്‍ ചൂണ്ടിക്കാട്ടി.
കാഷ്വാലിറ്റിയില്‍ മെഡിക്കല്‍ ഓഫീസര്‍, ജനറല്‍ ഒപിയില്‍ അസിസ്റ്റന്റ് സര്ജന്, ജൂണിയര്‍ കണ്‍സള്‍ട്ടന്റുമാര്‍, ബ്ലഡ് ബാങ്ക് ജീവനക്കാര്‍, ഫോറന്‍സിക് സര്ജന്, നഴ്സിംഗ് ഓഫീസര്‍മാര്‍, ഹെഡ് ക്ലര്‍ക്ക്, ഓഫീസ് ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ തുടങ്ങി നിരവധി തസ്തികകള്‍ ഒഴിവാണെന്നും പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും നിയമനങ്ങള്‍ നടക്കാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള പ്രാപ്പോസല്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ലഭ്യമായിട്ടുണ്ടെന്നും ഗ്യാപ് അനാലിസിസ് നടത്തി പുതുക്കിയ റിപ്പോര്‍ട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയുടെ പദവി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
Tags : Local News Nattuvishesham Wayanad