പ്രതീകാത്മക ചിത്രം
തൊടുപുഴ: പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് പാര്‍ട്ടിക്കെതിരേയും ജില്ലാ സെക്രട്ടറി കെ.സലിംകുമാറിനെതിരേയും നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവനയില്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളെ സംബന്ധിച്ച് ഘടക യോഗങ്ങള്‍ ചേര്‍ന്ന് കൃത്യമായ വിലയിരുത്തലുകള്‍ നടത്തുകയും അതു സംബന്ധിച്ച നിഗമനങ്ങള്‍ സംസ്ഥാന നേതൃത്വം പരസ്യമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
കെ. സലിംകുമാര്‍ ജില്ലാ സെക്രട്ടറിയായിരുന്ന നാലുവര്‍ഷം കെ.കെ.ശിവരാമന് ജില്ലാ എക്സിക്യൂട്ടീവംഗം, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ ജില്ലാ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന നാളുകളില്‍ പാര്‍ട്ടി ഘടകങ്ങളില്‍ ഉന്നയിക്കാത്ത ആക്ഷേപങ്ങളും പാര്‍ട്ടി ഉപരി ഘടകങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താത്ത ആരോപണങ്ങളും ഇപ്പോള്‍ ചാനലുകളില്‍ വിളമ്പുന്നതിന്റെ ലക്ഷ്യം ജനങ്ങള്‍ തിരിച്ചറിയും.
ചൊക്രമുടി കൈയേറ്റ വാര്‍ത്തകള്‍ ഉണ്ടാകുന്നത് 2023ലാണ്. മന്ത്രി രമേശ് ചെന്നിത്തല ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ റവന്യു മന്ത്രിയായിരുന്ന കെ. രാജന് നല്കിയ മറുപടി ഇന്നും നിയമസഭാ രേഖകളിലുണ്ട്. കൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നിലപാടാണ് പാര്‍ട്ടിയും സര്‍ക്കാരും അന്ന് സ്വീകരിച്ചിരുന്നത്. കെ. സലിംകുമാര്‍ പീരുമേട്ടില്‍ സ്ഥാനാര്‍ഥിയായി നോമിനേഷന് നല്കിയപ്പോള് ആസ്തി സംബന്ധിച്ച സ്റ്റേറ്റ്മെന്റില്‍ രേഖപ്പെടുത്തിയ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച് അന്നുതന്നെ മറുപടി പറഞ്ഞതാണ്.വസ്തുത ഇതായിരിക്കെ ഇടയ്ക്കിടെ പാര്‍ട്ടിയെ കടന്നാക്രമിക്കുന്നതിന്റെ ദുരുദ്ദേശ്യം ജനങ്ങള്‍ തിരിച്ചറിയും.
യോഗത്തില്‍ വി.കെ. ധനപാല്‍ അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സിലംഗം ടി.ജെ. ആഞ്ചലോസ്, ജില്ലാ സെക്രട്ടറി കെ.സലിംകുമാര്‍, അസി.സെക്രട്ടറിമാരായ വി. ആര്. ശശി, എം. കെ. പ്രിയന്, സംസ്ഥാന കൗൺസില്‍ അംഗങ്ങളായ ഇ. എസ്. ബിജിമോള്‍, സി. യു. ജോയി, ജോസ് ഫിലിപ്പ്, ടി. ഗണേശന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham campaign CPI