ചെങ്ങന്നൂർ: നഗരസഭയുടെ ഓഫീസ് കം ഷോപ്പിംഗ് മന്ദിരത്തിലെ കൗൺസിൽ ഹാളിന്റെ കോൺക്രീറ്റ് സീലിംഗ് തകർന്നുവീണു. ഇന്നലെ ഉച്ചകഴിഞ്ഞ് കോൺക്രീറ്റ് ഉൾപ്പെടെയുള്ള വലിയ പാളികളാണ് വൻ ശബ്ദത്തോടെ താഴേക്കു പതിച്ചത്. ഈ സമയം ഹാളിൽ ആരും ഇല്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായി.
കെട്ടിടത്തിന്റെ അപകടാവസ്ഥ പല തവണ വാർത്തയായിരുന്നു. ഓഫീസ് അടിയന്തരമായി മാറ്റണമെന്ന് കൗൺസിലർമാർ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും നഗരസഭ ചെവിക്കൊണ്ടിരുന്നില്ല. വിദ്യാർഥികളും ജീവനക്കാരും ഉൾപ്പെടെ ദിവസേന നിരവധിപേർ ആശ്രയിക്കുന്ന ഈ കെട്ടിടം ഏത് നിമിഷവും തകർന്ന് വീഴുമെന്ന സ്ഥിതിയിലാണ്.
നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന ഭൂരിഭാഗം സ്ഥലങ്ങളിലും കോൺക്രീറ്റ് സീലിംഗ് അടർന്ന് കമ്പികൾ തെളിഞ്ഞ അവസ്ഥയിലാണ്. നഗരസഭാ ഓഫീസിനു പുറമെ നിരവധി വ്യാപാര സ്ഥാപനങ്ങളും മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്ക് നഗരസഭ എൻജിനിയറിംഗ് വിഭാഗം അനുമതി നൽകുന്നില്ല. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് പുതിയ കെട്ടിടം നിർമിക്കാൻ മൂന്നുവർഷം മുൻപ് സംസ്ഥാന ബജറ്റിൽ രണ്ടു കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
അതേസമയം, ഈ വർഷത്തെ വാർഷിക പദ്ധതിയിൽ പുതിയ കെട്ടിടനിർമാണം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ മനീഷ് കീഴാമഠത്തിൽ വ്യക്തമാക്കി. ശാസ്താംപുറം മാർക്കറ്റിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകൾ നിലയിലേക്ക് താത്കാലികമായി ഓഫീസ് മാറ്റും. അതിനായുള്ള ജോലികൾ പുരോഗമിക്കുകയാണെന്നും ഒരു മാസത്തിനുള്ളിൽ മാറ്റം പൂർത്തിയാകുമെന്നും ചെയർമാൻ പറഞ്ഞു.
Tags : Nattuvishesham Local news ceiling fell down