1. വനപാലകർ മയക്കുവെടിവച്ച കാട്ടനയ്ക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നു. 2. മയക്കുവെടിയേറ്റ് നിൽക്കുന്ന ആനയുടെ മുറിവിൽ വനപാലകർ മരുന്നു വയ്ക്കുന്നു.
കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലയില്‍ സ്ഥിരമായി എത്തിയിരുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു. സിഗ്നല്‍ ലഭിച്ചു തുടങ്ങി. വായിൽ കീഴ്ത്താടയിലെ മുറിവില്‍ മരുന്നും കുത്തിവയ്പ്പും നല്കി.
ഇന്നലെ രാവിലെ 8.15ഓടെ നൽകിയ ആദ്യ മയക്കുവെടിയില്‍ മയങ്ങാതെ ആന രണ്ട് കിലോമീറ്ററോളം ഓടി. ഉച്ചയ്ക്ക് 1.30ന് വച്ച രണ്ടാമത്തെ വെടിയിലാണ് ആന വരുതിയിലായത്. ആദ്യം മയക്കുവെടി കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്തും രണ്ടാമത്തെ മയക്കുവെടി പിണ്ടിമന പഞ്ചായത്തിലെ വേട്ടാംപാറയിലുമായിരുന്നു.
മലയാറ്റൂര്‍ ഫീമെയില്‍ നാല് (എംഎഫ്.-4) എന്ന് വനം അധികൃതര്‍ നാമകരണം ചെയ്ത ആനയെ പരിശോധനയിൽ മോഴയാണെന്ന് സ്ഥിരീകരിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത്നിന്ന് കോട്ടപ്പാറ വനത്തിലേക്ക് പോകുംവഴിയിലാണ് ആനയെ ആദ്യം കണ്ടത്. ഇന്നലെ പുലര്‍ച്ച നാലിന് സ്ഥലത്തെത്തിയ ദൗത്യസംഘം ആന നില്ക്കുന്ന ഭാഗത്ത് നിലയുറപ്പിച്ചു. വനാതിര്‍ത്തിയില്‍ ആയിരുന്നതുകൊണ്ട് ആന വനത്തിലേക്ക് കയറുന്നത് വരെ വനപാലകര്‍ കാത്തിരുന്നു.
രാവിലെ 6.45ഓടെ ആന വനത്തിലെ പുന്നയ്ക്കപ്പിള്ളി പാറ ഭാഗത്തേക്ക് ഒരു കിലോമീറ്റര്‍ മാറി. ആന അനുകൂലമായ സ്ഥലത്തെന്ന് ഉറപ്പിച്ചതോടെ വാഴച്ചാല്‍ ഡിഎഫ്ഒ എം. വെങ്കിടേശ്വരന് സ്ഥലത്തെത്തി നിര്‍ദേശം നല്‍കിയതോടെ രാവിലെ 8.15ന് ആദ്യ ഡോസ് മയക്കുവെടി നല്കി. വെടികൊണ്ട ആന രണ്ട് കിലോമീറ്ററോളം ഓടി പ്ലാമുടിക്ക് സമീപം കൂവക്കണ്ടം ഭാഗത്ത് ആനക്കൂട്ടത്തിനൊപ്പം നിലകൊണ്ടു.
ആനയെ പിന്തുടര്ന്നെത്തിയ ദൗത്യസംഘം ഏറെ ബുദ്ധിമുട്ടിയാണ് ആനയെ കൂട്ടത്തില്‍നിന്ന് അകറ്റിയത്. ഇതിനിടെ ദൗത്യ സംഘത്തിന്റെ കണ്ണുവെട്ടിച്ച് മോഴ കടന്നു. വനത്തിന്റെ വിവിധ ഭാഗത്ത് നടത്തിയ തെരച്ചിലിനൊടുവിലാണ് ഉച്ചയോടെ ആന വേട്ടാംപാറ ഭാഗത്ത് നില്ക്കുന്നതായി കണ്ടെത്തിയത്.
വേട്ടാംപാറ കടുക്കസിറ്റിയില്നിന്ന് 500 മീറ്റര്‍ മാറി വനത്തിലെ തുടുമ്പേല്ച്ചാല് ഭാഗത്ത് നിലകൊണ്ട ആനയ്ക്ക് 1.30ന് രണ്ടാമത്തെ ഡോസ് മയക്കുവെടി നല്കി.
ഏറെ താമസിയാതെ മയക്കത്തിലായ ആനയുടെ തുമ്പിക്കൈയും കാലുകളും കയറുകൊണ്ട് ബന്ധിച്ച ശേഷം വായിലെ മുറിവില്‍ മരുന്നു പുരട്ടുകയും കുത്തിവയ്പ്പ് നല്‍കുകയും ചെയ്തു.
വെറ്ററിനറി ഡോക്ടര്‍മാരായ ബിനോയ് സി. ബാബു, ഒ.വി. മിഥുന് എന്നിവരുടെ നേതൃത്വത്തിലാണ് മരുന്നു നല്‍കിയത്. പല്ല് പൊട്ടിയതാണ് ആനയ്ക്ക് തീറ്റയെടുക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മണ്ണുമാന്തി യന്ത്രം എത്തിച്ച് അതിനു മുകളിൽ കയറി നിന്നാണ് റേഡിയോ കോളർ പിടിപ്പിച്ചത്.
വൈകുന്നേരം നാലിന് ആനയ്ക്ക് ആന്റി ഡോസ് മരുന്ന് നല്‍കിയതോടെ ഏതാനും മിനിട്ടുകള്‍ക്കകം മയക്കം വിട്ട ആന പതിയെ വനപാതയിലൂടെ സഞ്ചരിച്ച് ഉള്‍വനത്തിലേക്ക് കയറി.
റേഡിയോ കോളറിൽ നിന്ന് സിഗ്നല്‍ ലഭിച്ചു തുടങ്ങിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിൽ ആനയുടെ മുറിവ് ഉണങ്ങും വരെ കൂടുതൽ നിരീക്ഷണവും ആവശ്യമെങ്കിൽ പരിചരണവും ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
Tags : Local News Nattuvishesham Ernakulam