ആനന്ദസ്വാമിയെ ചെമ്പിനകത്ത് കയറ്റി സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റുന്നു.
എടത്വ: നിനച്ചിരിക്കാതെ എത്തിയ വെള്ളപ്പൊക്കത്തില് കുട്ടനാട്ടിലെ തൊഴില് മേഖല പൂര്ണമായും സ്തംഭിച്ചു. ക്ഷീരകര്ഷകര്, കര്ഷക ത്തൊഴിലാളികള്, നിര്മാണ മേഖലയില് പ്രവര്ത്തിക്കുന്നവര്, ചെറുകിട കച്ചവടക്കാര്, ഏത്തവാഴ-പച്ചക്കറി കർഷകർ എന്നിവര് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
തൊഴുത്തുകളിൽ വെള്ളം കയറിയതോടെ കന്നുകാലികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ടെങ്കിലും ഉപജീവനമാര്ഗം തടസപ്പെട്ട നിലയിലാണ്. മഴയും വെള്ളക്കെട്ടും തുടരുന്നതിനാല് കൃഷിപ്പണികളും സ്തംഭിച്ചിരിക്കുകയാണ്. നിര്മാണ മേഖലയിലും പ്രവര്ത്തനം പൂര്ണമായും നിലച്ചു. ചെറുകിട കച്ചവടക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. പെട്ടിക്കടകള് മുതല് വിവിധ കച്ചവട സ്ഥാപനങ്ങള് വരെ അടഞ്ഞുകിടക്കുകയാണ്. നിത്യചെലവിനുള്ള വരുമാനം പോലും കിട്ടാത്ത നിരവധി ചെറുകിട സ്ഥാപനങ്ങളുമുണ്ട്.
വെള്ളപ്പൊക്കം വിദ്യാര്ഥികളുടെ പഠനത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്. ഓണപ്പരീക്ഷ തുടങ്ങാനിരിക്കെയാണ് കുട്ടനാടിനെ മുക്കി വെള്ളപ്പൊക്കമെത്തിയത്. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തില് റവന്യു വകുപ്പും ദുരന്തനിവാരണ സംവിധാനവും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
പമ്പ, അച്ചന്കോവില്, മണിമല നദികളിലെ ജലനിരപ്പ് തുടര്ച്ചയായി നിരീക്ഷിച്ചുവരികയാണ്. ജലാശയങ്ങള് മുറിച്ചുകടക്കുന്നതും നീന്തുന്നതും ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള് ആവശ്യമായാല് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും അധികൃതര് നിര്ദേശം നല്കുന്നുണ്ട്.
എടത്വ-മാമ്പുഴക്കരി, കിടങ്ങറ- വാലടി-മുളയ്ക്കാംതുരുത്തി റോഡുവഴിയുള്ള യാത്ര ഒഴിവാക്കണം
എടത്വ: കനത്ത മഴയെത്തുടര്ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാല് എടത്വ-മാമ്പുഴക്കരി റോഡിലും കിടങ്ങറ -വാലടി-മുളയ്ക്കാംതുരുത്തി റോഡിലും സുരക്ഷിത ഗതാഗതത്തിന് നിലവില് അനുയോജ്യമല്ലെന്ന് കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഈ റോഡിലെ വിവിധ ഭാഗങ്ങളില് രുക്ഷമായ വെള്ളകെട്ടാണ് പലയിടത്തുമുള്ളത്. ഈ റോഡുകളിലെ വെള്ളക്കെട്ട് മാറി ഗതാഗതം സുരക്ഷിതമാകുന്നതുവരെ ഇതുവഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും സാധ്യമായ ബദല് റോഡുകള് ഉപയോഗിക്കണമെന്നും എക്സിക്യൂട്ടീവ് എന്ജിനിയര് അറിയിച്ചു.
Tags : Nattuvishesham District News employment sector Kuttanad