മാരാമൺ: 131-ാമത് മാരാമണ് കണ്വന്ഷൻ പന്തല് കാല്നാട്ട് കർമം മാരാമണ് മണല്പ്പുറത്ത് മലങ്കര മാര്ത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്ത്തോമ്മാ മെത്രാപ്പോലീത്താ നിര്വഹിച്ചു. മാര്ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര് ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. മാര്ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറല് സെകട്ടറി റവ. എബി കെ. ജോഷ്വാ കണ്വന്ഷന്റെ ക്രമീകരണങ്ങൾ വിശദീകരിച്ചു.
സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, വികാരി ജനറാൾ റവ.മാത്യു ജോൺ, സുവിശേഷ പ്രസംഗ സംഘം ലേഖക സെക്രട്ടറി പ്രഫ. ഏബ്രഹാം പി.മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വർഗീസ്, ട്രഷറര് ഡോ. എബി തോമസ് വാരിക്കാട് തുടങ്ങിയ വരും മാരാമണ് പ്രദേശങ്ങളിലെയും മറ്റ് ഇടവകകളിലെയും വൈദികരുടെ നേതൃത്വത്തില് വിശ്വാസ സമൂഹവും കാല്നാട്ട് സംഗമത്തില് പങ്കെടുത്തു.
ഫെബ്രുവരി 8 മുതല് 15 വരെ മാരാമണ് മണല്പ്പുറത്ത് നടക്കുന്ന കൺവൻഷനുവേണ്ടി ഒരുലക്ഷം പേരെ ഉള്ക്കൊള്ളാവുന്ന വിശാലമായ പന്തലാണ് നിർമിക്കുന്നത്.പന്തൽ നിർമാണം ഫെബ്രുവരി നാലിനു പൂർത്തിയാകും. പമ്പാ നദിക്കു കുറുകെ പ്രത്യേകം തയാറാക്കുന്ന നടപ്പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു.
Tags : foot procession Maraman Convention Panthal