ഭരണങ്ങാനം: സാര്‍വത്രിക സഭ പ്രഖ്യാപിച്ച പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങളുടെ പാലാ രൂപതയിലെ സമാപനം ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ അഞ്ചിന് നടക്കും.
അഞ്ചിന് വൈകുന്നേരം അഞ്ചിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ജൂബിലി സന്ദേശം നല്‍കും. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പ്രത്യാശയുടെ കവാടം അടയ്ക്കും.
തിരുക്കര്‍മങ്ങള്‍ക്ക് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, എംഎസ്ടി ഡറക്ടര്‍ ജനറല്‍ റവ. ഡോ. വിന്‍സെന്റ് കദളിക്കാട്ടില്‍ പുത്തന്‍പുര, ഭരണങ്ങാനം ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, അസീസി ആശ്രമം സുപ്പീരിയര്‍ ഫാ. മാര്ട്ടിന് മാന്നാത്ത് കപ്പൂച്ചിന്‍ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിക്കും.
2025 നവംബര്‍ 30ന് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് പാലാ രൂപതയില്‍ ജൂബിലിയുടെ കവാടം ഭരണങ്ങാനം തീര്‍ഥാടന കേന്ദ്രത്തില്‍ ഔദ്യോഗികമായി തുറന്നത്. തുടര്‍ന്ന് എല്ലാ ദിവസവും വിവിധ വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള ജൂബിലി ആഘോഷങ്ങള്‍ ഷ്റൈനില്‍ നടന്നു. തീര്‍ഥാടന കേന്ദ്രത്തില്‍ ക്രമീകരിച്ചിരിക്കുന്ന പ്രത്യാശയുടെ കവാടത്തിലൂടെ പ്രവേശിച്ച് ദണ്ഡവിമോചനം പ്രാപിക്കുന്നതിന് തീര്‍ഥാടകരുടെ വന്‍ പ്രവാഹമാണുണ്ടായത്.
ഇന്ന് കേരളത്തിലെ വിശുദ്ധരുടെയും ധന്യപദവിയില്‍ എത്തിയവരുടെയും വാഴ്ത്തപ്പെട്ടവരുടെയും ദൈവദാസരുടെയും ഓര്‍മയുടെ ജൂബിലി ആഘോഷം നടക്കും. രാവിലെ 11ന് ആരാധനയ്ക്കും 11.30ന് വിശുദ്ധ കുര്‍ബാനയ്ക്കും ഫാ. കുര്യാക്കോസ് വട്ടമുകളേല്‍ കാര്‍മികത്വം വഹിക്കും.