നൂറനാട് എരുമക്കുഴി പബ്ലിക് മാർക്കറ്റിനു സമീപത്തെ റോഡിനോട് ചേർന്ന് അപകടഭീഷണി ഉയർത്തുന്ന കെഐപി കനാലിന്റെ കലുങ്ക്.
ചാരുംമൂട്: നൂറനാട് എരുമക്കുഴി പബ്ലിക് മാർക്കറ്റിനു മുന്നിലെ പ്രധാന റോഡിനു സമീപത്തെ കെഐപി കനാലിന്റെ കലുങ്കിന് സംരക്ഷണഭിത്തിയില്ലാത്തതുമൂലം അപകടം പതിവാകുന്നു. കെപി റോഡിൽനിന്നും സബ് ട്രഷറി, കാർഷിക വിപണി, പബ്ലിക് മാർക്കറ്റ്, ഇടമല, പാറ കനാൽ റോഡ്, മുതുകാട്ടുകര ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ പോകാൻ കഴിയുന്ന വാഹനത്തിരക്കേറിയ ഗ്രാമീണ റോഡിനോടു ചേർന്നാണ് കെഐപി കനാലും കലുങ്കും ഉള്ളത്.
വർഷങ്ങൾക്ക് മുമ്പ് വാഹനം ഇടിച്ചതിനെത്തുടർന്ന് പകുതിയോളം തകർന്ന കലുങ്ക് അറ്റകുറ്റപ്പണി നടത്തുകയോ സംരക്ഷണവേലി സ്ഥാപിക്കുകയോ ചെയ്തില്ല. ഇതുവഴി യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളും വിദ്യാർഥികളുമാണ്. ഈ അടുത്തസമയത്ത് കനാൽ റോഡിന്റെ നവീകരണം നടത്തിയെങ്കിലും അപകടക്കെണി ഒഴിവാക്കാനുള്ള നടപടി അധികാരികൾ സ്വീകരിച്ചില്ലെന്നാണ് ജനങ്ങളുടെ പരാതി.
കെഐപി കനാലിന്റെ സ്ഥലമായതിനാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല എന്ന നിലപാടിലാണ് പഞ്ചായത്തിനെന്നും ആക്ഷേപമുണ്ട്. പാലമേൽ ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്ത് ഇതിനു പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പഞ്ചായത്ത് കെഐപിക്ക് എൻഒസി ആവശ്യപ്പെട്ട് കത്തുനൽകിയാൽ അനുമതി ലഭിക്കുമെന്നും എൻഒസി കിട്ടിയാൽ പഞ്ചായത്തിന് അപകടസ്ഥലത്ത് സുരക്ഷാവേലി സ്ഥാപിക്കാനും കലുങ്കിന്റെ തകർന്നു കിടക്കുന്ന ഭാഗം പുനർനിർമിക്കാൻ കഴിയുമെന്നുമാണ് നാട്ടുകാർ പറയുന്നത്.
Tags : NattuVishesham DistrictNews