കുറവിലങ്ങാട് മുത്തിയമ്മ
കുറവിലങ്ങാട്: കരങ്ങൾ നീട്ടിനിൽക്കുന്ന അമ്മയുടെ മടിത്തട്ടിലേക്ക് ഓടിയെത്തുന്ന കുരുന്നുകളേപ്പോൽ ആയിരങ്ങൾ മുത്തിയമ്മയ്ക്കരികിലെത്തി. മാതൃസ്നേഹത്തിന്റെ വറ്റാത്ത ഉറവയായ കുറവിലങ്ങാട് മുത്തിയമ്മയുടെ മടിത്തട്ടിലേക്ക് ഇടവകയിൽ വിശ്വാസപരിശീലനം നേടുന്ന വിദ്യാർഥികളൊന്നാകെ ഒഴുകിയെത്തുകയായിരുന്നു. മൂന്ന് വിശ്വാസപരിശീലന കേന്ദ്രങ്ങളിൽ നിന്നായി ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികളാണ് മുത്തിയമ്മയ്ക്കരികിലെത്തിയത്.
പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചൻ സ്മാരക പാർക്കിൽ നിന്ന് ജപമാല റാലിയായാണ് വിദ്യാർഥിക്കൂട്ടം എത്തിയത്. ദൈവമാതാവിന്റെ വിവിധ പ്രത്യക്ഷീകരണങ്ങളിലെ വേഷവിധാനങ്ങളിലായി മുപ്പതോളം പേർ പരിശുദ്ധ അമ്മയുടെ ഭക്തി വിളിച്ചോതി.
ചെമ്മഞ്ഞ കൊടികളും മുത്തുക്കുടകളും മുത്തിയമ്മ കൊടികളും വഹിച്ചാണ് കുഞ്ഞുമിഷനറിമാരെത്തിയത്. മുത്തിയമ്മയുടെ തിരുസ്വരൂപം വഹിച്ചെത്തിയ കുട്ടികൾ നേർച്ചക്കഞ്ഞിയിലും പങ്കെടുത്താണ് മടങ്ങിയത്.
Tags : nattu vishesham little ones flocked to their mother's lap