ഹരിപ്പാട്: ഡയറിയിലെ ആ തീയതിക്ക് ചുറ്റും അവൾ ഒരുവട്ടം വരച്ചിട്ടുണ്ടാകണം. നാട്ടിലേക്ക് മടങ്ങാൻ രണ്ടാഴ്ച മുൻപേ ബുക്ക് ചെയ്ത വിമാന ടിക്കറ്റിലെ ആ ദിവസം ഇന്നലെയായിരുന്നു. മകൾ സന്തോഷത്തോടെ ഓടിവന്നിറങ്ങുന്നതും കാത്ത് സുപ്രഭ ഭവനിലെ ഉമ്മറത്ത് ദിവസങ്ങൾ എണ്ണിയിരുന്ന മാതാപിതാക്കളുടെ മുന്നിലേക്ക് വിധി എത്തിച്ചത് മറ്റൊരു ഫ്ലൈറ്റിലായിരുന്നു. ഒരു നോക്കു കാണാൻ പോലുമാകാത്ത വിധം ആംബുലൻസിന്റെ സൈറൺ ശബ്ദത്തിൽ അവളുടെ ചലനമറ്റ ശരീരവുമായി.
ഉസ്ബക്കിസ്ഥാനിൽ സഹപാഠിയുടെ അടിയേറ്റു മരിച്ച മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന്റെ (22) സംസ്കാരം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ നടന്നു. സഹോദരൻ സാവന്താണ് ചിതയ്ക്ക് തീകൊളുത്തിയത്.
മകൾക്ക് പരിക്കേറ്റ വിവരമറിഞ്ഞ് വിദേശത്തുനിന്ന് ദിവസങ്ങൾക്ക് മുൻപേ പിതാവ് ബസന്ത് നാട്ടിലെത്തിയിരുന്നു. അമ്മ മിനിയും സഹോദരനും പ്രാർഥനകളോടെ കാത്തിരുന്നത് അവൾ എങ്ങനെയും ജീവനോടെ തിരിച്ചെത്തുമെന്ന നേരിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ ജീവനോടെ വരാൻ അവൾ ടിക്കറ്റെടുത്ത അതേ ദിവസം തന്നെ മകളുടെ ചലനമറ്റ ശരീരം വീട്ടിൽ എത്തിയത് ആ കുടുംബത്തെയാകെ തളർത്തിക്കളഞ്ഞു.
കൊച്ചച്ചൻ ജെനീഷ് ബുധനാഴ്ച ഡൽഹിയിലെത്തിച്ച മൃതദേഹം ഇന്നലെ പുലർച്ചെയാണ് നെടുമ്പാശേരിയിൽ എത്തിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ റീ-പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ടോടെ പിലാപ്പുഴയിലെ വീട്ടിലെത്തിച്ചു. വെള്ളത്തുണിയിൽ പൊതിഞ്ഞ മകളുടെ ശരീരം കണ്ടതോടെ അമ്മ മിനിയുടെയും മാതൃസഹോദരി മഞ്ജുവിന്റെയും നിലവിളി താങ്ങാനാവാതെ കണ്ടുനിന്നവരും കണ്ണീർ വാർത്തു. മുത്തശി സുപ്രഭ ദുഃഖം താങ്ങാനാവാതെ കുഴഞ്ഞുവീണു. മകൻ സാവന്തിനെ ചേർത്തുപിടിച്ച് വിതുമ്പലടക്കാൻ പാടുപെടുന്ന പിതാവ് ബസന്തിന്റെ ദൃശ്യം കണ്ടുനിന്നവരുടെ നെഞ്ചുലയ്ക്കുന്നതായിരുന്നു.
ഭാവിയിൽ ഡോക്ടറായി തിരികെവരുമെന്ന് കരുതി വലിയ സ്വപ്നങ്ങളോടെ വിദേശത്തേക്ക് യാത്രയാക്കിയ പെൺകുട്ടിയുടെ അന്തിയാത്രയിൽ പങ്കുചേരാൻ നാടൊന്നാകെ പുതുക്കാട്ട് സുപ്രഭ ഭവനത്തിലേക്ക് ഒഴുകിയെത്തി. ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ വൻ ജനവലി അന്തിമോപചാരമർപ്പിച്ചു.
Tags : Nattuvishesham District News