കളം തെളിഞ്ഞു; കോഴിക്കോടിനി രാഷ്ട്രീയച്ചൂടില്‍ തിളച്ചുമറിയും
കോഴിക്കോട്: ഏതാനും ദിവസങ്ങള്‍ വൈകിയാണെങ്കിലും കോണ്‍ഗ്രസും മുസ്ലിംലീഗും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളിലെ ചിത്രം ഏറെക്കുറെ വ്യക്തമായി.
എല്‍ഡിഎഫില്‍ ആര്‍ജെഡിക്കു നല്കിയ വടകരയിലും മുന്‍കാലങ്ങളില്‍ സിപിഎം സ്വതന്ത്രര്‍ മത്സരിച്ച കൊടുവളളിയിലും സ്ഥാനാര്‍ഥിയാരാണെന്ന് അതാത് പാര്‍ട്ടികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബാക്കിയുള്ള മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായി. മൂന്നു മുന്നണികളിലെയും സ്ഥാനാര്‍ഥി പട്ടിക വ്യക്തമായതോടെ ഇനി തീപാറും പോരാട്ടത്തിനാണ് നാട് സാക്ഷ്യം വഹിക്കുക. നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച എല്‍ഡിഎഫ് പ്രചാരണ രംഗത്ത് ഏറെ മുന്നിലാണ്. എന്‍ഡിഎ സ്ഥാനാര്‍ഥികളും പ്രചാരണത്തില്‍ ഒരുപടി മുന്നിലാണ്.
ഇതിന്റെ കുറവ് തീര്‍ക്കാനായി യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇന്നുമുതല്‍ രംഗത്തിറങ്ങുന്നതോടെ രാഷ്ട്രീയച്ചൂടില്‍ കോഴിക്കോട് തിളച്ചുമറിയും. കോഴിക്കോട്ടെ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സ്ഥാനാര്‍ഥി പട്ടികയില്‍ യുവനിരയ്ക്ക് പ്രതിനിധ്യം നല്‍കിയെന്നത് ശ്രദ്ധേയമാണ്. കെഎസ്യു മുന്‍ സംസ്ഥാന പ്രസിഡന്റും നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ദേശീയ ജനറല്‍ സെക്രട്ടറിയുമായ കെ.എം.അഭിജിത്താണ് വടകരയില്‍ കോണ്‍ഗ്രസിനുവേണ്ടി ജനവിധി തേടുന്നത്.
കെപിസിസി ജനറല്‍ സെക്രട്ടറിയായ അഡ്വ. വിദ്യാ ബാലകൃഷ്ണനാണ് എലത്തൂരില്‍ എന്‍സിപി സ്ഥാനാര്‍ഥി എ.കെ. ശശീന്ദ്രനോട് ഏറ്റുമുട്ടുന്നത്. ബാലുശരിയില് സിപിഎമ്മിന്റെ യുവനേതാവ് കെ.എം. സച്ചിന്‍ദേവിനോട് മുട്ടാന്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജിനാണ് കോണ്‍ഗ്രസ് അവസരം നല്‍കിയിരിക്കുന്നത്. ലീഗ് സ്ഥാനാര്‍ഥികളില്‍ യുവനിരയെ കൂടാതെ പുതുമുഖങ്ങളുമുണ്ട്. ചരിത്രത്തിലാദ്യമായി മുസ്ലിംലീഗ് രണ്ടു വനിതാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിലൊന്ന് പേരാമ്പ്രയിലാണ്.
യൂത്ത്ലീഗിലെ തീപ്പൊരി വനിതാ നേതാവ് ഫാത്തിമ തഹ്ലിയയെയാണ് പേരാമ്പ്രയില്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് ടി.പി. രാമകൃഷ്ണനോട് ഏറ്റുമുട്ടാന്‍ ലീഗ് നേതൃത്വം രംഗത്തിറക്കുന്നത്.
കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറ ഡിവിഷന് കൗണ്‍സിലറായ ഫാത്തിമ യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. മുന്‍ ഹരിത ലീഗ് നേതാവായ ഫാത്തിമ തഹ്ലിയ, നേതാക്കള്‍ക്കെതിരേ ആരോപണമുന്നയിച്ചതിന്റെ പേരില്‍ ഇടക്കാലത്ത് നേതൃത്വത്തിന്റെ കണ്ണിലെ കരടായിരുന്നു. പിന്നീട് ലീഗ് നേതൃത്വം ഇടപെട്ട് വിഷയങ്ങള്‍ പരിഹരിച്ച് ഫാത്തിമയെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.
കോഴിക്കോട് സൗത്തില്‍ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബുവാണ് ഐഎന്‍എലിന്റെ അഹമ്മദ് ദേവര്‍കോവിലിനോട് മത്സരിക്കുന്നത്. തിരുവമ്പാടിയില്‍ മത്സരിക്കുന്ന കാസിം കൂടരഞ്ഞി പുതുമുഖമാണ്. കൊടുവള്ളിയില്‍ യൂത്ത്ലീഗ് നേതാവ് പി.കെ. ഫിറോസിനെ പരിഗണിച്ചതിലൂടെയും യുവനേതൃത്വത്തിന് അര്‍ഹമായ പരിഗണന നല്കാന് കഴിഞ്ഞുവെന്ന് ലീഗ് നേതൃത്വത്തിന് അവകാശപ്പെടാം.
കോഴിക്കോട്ടെ 13 സീറ്റുകളില്‍ യുഡിഎഫില്‍ ലീഗ്-6 (കുറ്റ്യാടി- പാറയ്ക്കല്‍ അബ്ദുളള), കൊടുവള്ളി (പി.കെ. ഫിറോസ്), കുന്നമംഗലം (എം.എ. റസാഖ്), പേരാമ്പ്ര (ഫാത്തിമ തഹ്ലിയ), തിരുവമ്പാടി (കാസിം കൂടരഞ്ഞി), കോഴിക്കോട് സൗത്ത് (അഡ്വ. ഫൈസല്‍ ബാബു), കോണ്‍ഗ്രസ്-5 (കൊയിലാണ്ടി (കെ. പ്രവീണ്‍കുമാര്‍), കോഴിക്കോട് നോര്‍ത്ത് (അഡ്വ. കെ. ജയന്ത്), നാദാപുരം (കെ.എം. അഭിജിത്ത്), എലത്തൂര്‍ (വിദ്യാ ബാലകൃഷ്ണന്), ബാലുശേരി (വി.ടി. സൂരജ്), യുഡിഎഫ് -ആര്‍എംപിഐ സഖ്യം- 1 (വടകര-കെ.കെ. രമ), യുഡിഎഫ് അസോസിയേറ്റ് അംഗം തൃണമൂല്‍ കോണ്‍ഗ്രസ് - 1 (ബേപ്പൂര്‍-പി.വി. അന്‍വര്‍) എന്നിങ്ങനെയാണ് സീറ്റുകള്‍ വീതം വച്ചിരിക്കുന്നത്. പി.വി. അന്‍വറും കെ.കെ. രമയും ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവര്‍ പ്രചാരണം തുടങ്ങി. പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.
എല്‍ഡിഎഫില്‍ സിപിഎം-8 ( പേരാമ്പ്ര (ടി.പി. രാമകൃഷ്ണന്), ബേപ്പൂര്‍ (പി.എ. മുഹമ്മദ് റിയാസ്), കൊയിലാണ്ടി (കെ. ദാസന്), കോഴിക്കോട് നോര്‍ത്ത് (തോട്ടത്തില്‍ രവീന്ദ്രന്), കുറ്റ്യാടി (കെ.പി. കുഞ്ഞമ്മദ്കുട്ടി), തിരുവമ്പാടി (ലിന്റോ ജോസഫ്), ബാലുശേരി (കെ.എം. സച്ചിന്‍ദേവ്), കുന്നമംഗലം (പി.ടി.എ. റഹീം), എന്‍സിപി-1 (എലത്തൂര്‍-എ.കെ. ശശീന്ദ്രന്), ഐഎന്‍എല്‍-1 (കോഴിക്കോട് സൗത്ത് -അഹമ്മദ് ദേവര്‍കോവില്‍, ആര്‍ജെഡി-1 (വടകര). സിപിഐ- 1 (നാദാപുരം- പി. വസന്തം) എന്നിങ്ങനെയാണ് സീറ്റ് വിഭജനം. കൊടുവള്ളിയില്‍ സിപിഎമ്മോ സിപിഎം സ്വതന്ത്രനോ മത്സരിക്കും. ഇവിടത്തെ സ്ഥാനാര്‍ഥിയെ സിപിഎം പ്രഖ്യാപിച്ചിട്ടില്ല.
എന്‍ഡിഎയില്‍ ബിജെപി-11 (ബേപ്പൂര്‍ -കെ.പി. പ്രകാശ്ബാബു), കൊയിലാണ്ടി (സി.ആര്. പ്രഫുല്‍കൃഷ്ണന്‍), എലത്തൂര്‍ (ടി. ദേവദാസ്), കുന്നമംഗലം (വി.കെ. സജീവന്), കോഴിക്കോട് നോര്‍ത്ത് (നവ്യ ഹരിദാസ്), കോഴിക്കോട് സൗത്ത് (ടി. റെനീഷ്), പേരാമ്പ്ര (എം. മോഹനന്), കുറ്റ്യാടി (രാംദാസ് മണലേരി), വടകര (കെ. ദിലീപ്), ബാലുശേരി (സി.പി. സതീശന്), നാദാപുരം (സി.പി. വിപിന്‍ചന്ദ്രന്‍), ബിഡിജെഎസ്-1 (കൊടുവള്ളി-ഗിരി പാമ്പനാല്‍), ട്വന്റി 20 -1 ( തിരുവമ്പാടി-സണ്ണി തോമസ്) എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
Tags : nattu vishesham The plot revealed