കടച്ചലിൽ മോഷണം നടന്ന വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു.
ചാത്തന്നൂർ: ആദിച്ചനല്ലൂർ കുമ്മല്ലൂർ കട്ടച്ചൽ ജംഗ്ഷനിൽ അടച്ചിട്ട വീടിന്റെ അടുക്കളവാതിൽ പൊളിച്ച് അകത്തു കയറി വൻമോഷണം. അലമാരകൾ കുത്തിത്തുറന്നു സാധനങ്ങൾ വാരിവലിച്ചിട്ടു.കട്ടച്ചൽ ജംഗ്ഷനിൽ ഗ്രേസ് വില്ലയിൽ ബിനു സി. ലൂക്കോസിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുടമ കൊൽക്കത്തയിലുള്ള മകളുടെ വീട്ടിൽ പോയിരുന്നതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീടിന്റെ താക്കോൽ സമീപത്ത് താമസിക്കുന്ന ബന്ധുവിനെയാണ് ഏൽപ്പിച്ചിരുന്നത്.
കഴിഞ്ഞ ദിവസം രാവിലെ ബന്ധു വീട്ടിലെത്തി മുൻവാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വീടിനകത്തെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലായിരുന്നു. വസ്ത്രങ്ങളും മറ്റു സാധനങ്ങളും മുറിക്കുള്ളിൽ വാരിവലിച്ചിട്ട നിലയിലായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് അടുക്കളഭാഗത്തെ ഗ്രില്ലും തടിയുടെ പിൻവാതിലിന്റെ അടിഭാഗവും തകർത്ത നിലയിൽ കണ്ടെത്തിയത്. ഇതിലൂടെയാണ് മോഷ്ടാക്കൾ അകത്തുകയറിയതെന്നു കരുതുന്നു. അടുക്കളയിലെ ഷെൽഫുകളും പൂർണമായും അരിച്ചുപെറുക്കി സാധനങ്ങൾ നിലത്തിട്ടിട്ടുണ്ട്.
താഴത്തെ നിലയിലെയും രണ്ടാം നിലയിലെയും കിടപ്പുമുറികളിലെ അലമാരകൾ തകർത്ത് വിലപിടിപ്പുള്ള വസ്ത്രങ്ങളും മറ്റും മോഷ്ടാക്കൾ കവർന്നു. വിവരമറിഞ്ഞ് ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. തുടർന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
സംഭവത്തിൽ ബന്ധുവിന്റെ മൊഴി രേഖപ്പെടുത്തി ചാത്തന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനായി പ്രദേശത്തെയും സമീപറോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.
Tags : Local News Nattuvishesham Kollam