വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളുടെ സൗജന്യ പ്രവേശനം സംബന്ധിച്ച് ജില്ലാ അധികാരികളുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് വ്യക്തമായ അറിയിപ്പുണ്ടാകണമെന്ന ആവശ്യം ശക്തം.
കഴിഞ്ഞമാസം ഒന്നിന് പാലക്കാട് ജില്ലാ കളക്ടറും എംപി, എംഎൽഎമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ദേശീയപാത ഉദ്യോഗസ്ഥർ, ടോൾകമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗതീരുമാനത്തിൽനിന്ന് വ്യത്യസ്തമായ ടോൾകമ്പനിയുടെ നിലപാടുകളാണ് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നത്.
കഴിഞ്ഞദിവസം ടോൾപ്ലാസയിലുണ്ടായ സമരത്തെ തുടർന്ന് പ്രദേശവാസികളുടെ പ്രവേശനപാസ് ആറുമാസത്തിലൊരിക്കൽ പുതുക്കിയാൽ മതിയെന്നാണ് വാർത്തകളുണ്ടായിരുന്നത്.
എന്നാൽ രേഖകൾ ഒറ്റത്തവണ സമർപ്പിച്ചാൽ മതിയെന്നും ഇടയ്ക്കിടെയുള്ള പുതുക്കൽ വേണ്ടെന്നുമായിരുന്നു കളക്ടറേറ്റ് യോഗത്തിലെ തീരുമാനം. ഈ തീരുമാനമാണ് ഇപ്പോൾ അട്ടിമറിച്ച് ആറുമാസത്തിലൊരിക്കൽ പുതുക്കണമെന്നു സമരക്കാരോട് പറഞ്ഞിട്ടുള്ളത്.
ഇത് ഇങ്ങനെ തന്നെയാണോ എന്നതിന് ഔദ്യോഗിക സ്ഥിരീകരണവുമുണ്ടായില്ല. എന്നാൽ ടോൾപ്ലാസയിൽ നടക്കുന്നത് മറ്റൊന്നാണ്.
നിലവിൽ മൂന്നുമാസത്തിലാണ് സൗജന്യ പ്രവേശനത്തിനുള്ള പാസ് പുതുക്കി നൽകുന്നത്.
ഒറ്റത്തവണ സമർപ്പണമൊന്നും ടോൾകമ്പനി അംഗീകരിക്കുന്നില്ല. മൂന്നു മാസത്തിനുള്ളിൽതന്നെ പലതവണ ഫാസ്ടാഗ് വഴിയും ടോൾകമ്പനി പണം വസൂലാക്കുന്നുണ്ടെന്ന പരാതികളുമുണ്ട്. കൃത്യമായി പാസ് പുതുക്കുന്നവർക്കും രക്ഷയില്ലാത്ത സ്ഥിതിയാണ്. ഇത്തരത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് തുടരുന്നത്.
പാത വികസനത്തിനായി തുച്ഛമായ വിലക്ക് കിടപ്പാടം ഉൾപ്പെടെ സ്വന്തംഭൂമി വിട്ടുകൊടുത്തവരെയും കൂടിയാണ് ഇത്തരത്തിൽ നാട്ടിൽ യാത്രചെയ്യാൻ അനുവദിക്കാത്തത്.
തീരുമാനങ്ങളെടുക്കുമ്പോൾ ടോൾകമ്പനി പ്രതിനിധികൾ അതെല്ലാം അംഗീകരിക്കും. ടോൾപ്ലാസയിലെത്തിയാൽ നിലപാടും സമീപനങ്ങളും മാറും. ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ഇതിനൊരു ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.
ടോൾപ്ലാസയിൽ പ്രശ്നങ്ങളുണ്ടായി കേസായാൽ അതെല്ലാം ന്യുഡൽഹിയിലാണ് നടത്തുക തുടങ്ങിയ നമ്പറുകളൊക്കെ ഇറക്കിയാണ് ഇപ്പോൾ ടോൾകമ്പനി പ്രതിഷേധങ്ങളെ നേരിടുന്നത്.
Tags : NattuVishesham DistrictNews