മലയിൻകീഴ്: വീടിന്റെ വാതിലുകളും അലമാരകളും കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. മലയിൻകീഴ് കോവിലുവിള കാർത്തികയിൽ പ്രശാന്ത് കുമാറിന്റെ വീട്ടിലായിരുന്നു കഴിഞ്ഞദിവസം രാത്രിയിൽ മോഷണം നടന്നത്.
മുകൾ നിലയിലെ പിൻവശത്തെ വാതിൽ ആയുധം ഉപയോഗിച്ച് കുത്തിതുറന്ന് അകത്ത് കയറി മുകളിലത്തെ മൂന്നു വാതിലുകളും പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്ന് മൂവായിരം രൂപയും താഴത്തെ നിലയിലെ ബെഡ്റൂമിലെ അലമാര കുത്തിപ്പൊളിച്ച് മൂന്നുപവന്റെ ആഭരണങ്ങളുമാണ് കവർന്നത്.
പ്രശാന്ത് കുമാർ കാട്ടായിക്കോണത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ്. പ്രശാന്ത്കുമാറും ഭാര്യയും രണ്ടു മക്കളും കഴിഞ്ഞ മൂന്നുദിവസമായി മച്ചേലുള്ള കുടുംബവീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ചൊവ്വാഴ്ച രാവിലെ പ്രശാന്ത് കുമാർ ജോലിക്ക് പോകാൻ വസ്ത്രങ്ങളെടുക്കാൻ എത്തിയപ്പോഴാണു മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു മലയിൻകീഴ് പോലീസിൽ വിവരമറിയും പോലീസെത്തി പരിശോധന നടത്തുകയും ചെയ്തു.