തൊടുപുഴ: തിരുവോണ ദിനത്തില് തൊടുപുഴ പെരുമ്പിള്ളിച്ചിറ ഭാഗത്തുനിന്നു പണവും കാറും കവര്ച്ച നടത്തിയ കേസില് കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കണ്ണൂര് ഇരിട്ടി പട്ടുവം സ്വദേശി ദാറുള്സലാഹ് വീട്ടില് ഇസ്മായിലിനെ (34) ആണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പൂവാറിലെ വാടകവീട്ടില്നിന്നാണ് തൊടുപുഴ ഡിവൈഎസ്പിയുടെ സ്ക്വാഡ് പ്രതിയെ പിടികൂടിയത്. ഇയാളില്നിന്നും മോഷ്ടിച്ച സ്വര്ണവും പണവും കാറും പോലീസ് കണ്ടെടുത്തു.
യൂബര് ടാക്സി ഡ്രൈവറായ പ്രതി ചങ്ങനാശേരിയില്നിന്നു മോഷ്ടിച്ച ബൈക്കും സ്വര്ണവുമായാണ് സംഭവദിവസം രാത്രിയില് തൊടുപുഴയിൽ കവര്ച്ച നടത്തുന്നതിനായി എത്തിയത്. കെഎസ്ആര്ടിസി ജീവനക്കാരനായ തോപ്പില് ഷാനവാസ് ഖാന്റെ സാന്ട്രോ കാറിനുപുറമേ പുതുച്ചിറ ഭാഗത്തുള്ള അഭിഭാഷകന്റെ വീട്ടില്നിന്ന് 50,000 രൂപയും മറ്റൊരു വീട്ടില്നിന്നും ഷൂസും കവര്ന്നു. തിരിച്ചറിയാതിരിക്കാനായി മുഖം മറച്ചാണ് ഇയാള് മോഷണം നടത്തിയിരുന്നത്.
മോഷണ വിവരമറിഞ്ഞ് നാട്ടുകാര് കൂടിയപ്പോള് ഇയാള് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ ദൃശ്യം കാമറയില് പതിഞ്ഞാണ് പ്രതിയെ പിടികൂടുന്നതിന് വഴിയൊരുക്കിയത്.
ഷാനവാസിന്റെ കാറുമായി ഇയാള് തിരുവനന്തപുരത്തിനാണ് കടന്നത്. മോ
ഷണത്തിനിടയില് മൊബൈല് ഫോണ് ഉപയോഗിക്കാതിരിക്കുന്നതും ഇയാളുടെ പ്രത്യേകതയാണ്. മോഷണം നടത്തുന്ന വീടുകളില്നിന്നും ഷൂസുകള് മോഷ്ടിക്കുന്ന ഹോബിയും പ്രതിക്കുള്ളതായി പോലീസ് പറഞ്ഞു.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി പ്രതിക്കെതിരേ 50 കവര്ച്ചക്കേസുകള് ഉള്ളതായി ഡിവൈഎസ്പി സജി മാര്ക്കോസ് പറഞ്ഞു. സംഭവത്തില് കൂടുതല്പേര് ഉള്പ്പെട്ടതായി സൂചനയുള്ളതിനാല് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ മോഷണം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
തൊടുപുഴ സിഐ മനേഷ് കെ. പൗലോസിന്റെ നിര്ദേശാനുസരണം എസ്ഐമാരായ ടി.എം. ഷംസുദീന്, ജിബിന് ജോസഫ്, അനീഷ് ജോസ്, അരുണ് ചന്ദ്രന്, അനന്ദു ശേഖര്, സിപിഒമാരായ അജിമോന്, ബാബു സുരേഷ്, അമല്, റെനീഷ്, അതുല് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.